മധുരമാര്‍ന്ന സ്വരത്തില്‍ മൊബയില്‍ പാടിയപ്പോള്‍ സിദ്ധാര്‍ഥനു അറിയാമായിരുന്നു, അതവളായിരിക്കുമെന്നു . സുമിത്ര. അനേക വര്‍ഷങ്ങള്‍ തന്റെ എല്ലാം എല്ലാം ആയിരുന്ന, പ്രാണനേക്കാള്‍ പ്രിയപ്പെട്ടവള്‍ ആയിരുന്ന സുമി, ഇന്ന് വെറും മൊബയിലിലെ "സുമിത്ര ന്യൂ " ആയിരിക്കുന്നു. വൈകുന്നേരം ആറ് മണിക്ക് മറൈന്‍ ഡ്രൈവില്‍ വരാമെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. എന്നിട്ടും താന്‍ എന്തിനു നാലരക്ക് തന്നെ ഇവിടെ എത്തി എന്ന് അയാള്‍ക്ക് മനസ്സിലായില്ല. പണ്ട്, വരാം എന്ന് ഏറ്റിട്ടു താന്‍ വൈകി എത്തുമ്പോള്‍ അവള്‍ പരിഭവിക്കുന്നതും ദേഷ്യം പ്രകടിപ്പിക്കുന്നതും, കണ്ണ് നിറയ്ക്കുന്നതും ഒക്കെ ഇപ്പോഴും പ്രകടിപ്പിക്കും എന്ന് അയാള്‍ കരുതിയോ? ഇല്ല. എങ്കിലും സിദ്ധാര്‍ഥന്‍ ആശിച്ചു, അവള്‍ ഒന്ന് ചൊടിച്ചിരുന്നു എങ്കില്‍.
"ഹലോ, സിദ്ധാര്‍ഥന്‍, ഞാന്‍ വരാന്‍ അല്പം വൈകും. ഭയങ്കര ട്രാഫിക് ബ്ലോക്ക്"