Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: അഹം ബ്രഹ്മാസ്മി

Tuesday, July 19, 2011

അഹം ബ്രഹ്മാസ്മി
അഹം ബ്രഹ്മാസ്മി - ഞാന്‍ ഈശ്വരനാകുന്നു . എല്ലാവരുടെയും ഉള്ളില്‍ ഈശ്വരന്‍ ഉണ്ട്. എന്നാല്‍ നാമത് തിരിച്ചറിയാന്‍ വൈകുന്നു. അല്ലെങ്കില്‍, തിരിച്ചറിയാതെ ഈ മനുഷ്യ ജന്മം നരകിച്ചു തീര്‍ക്കുന്നു. എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്‌ഷ്യം? എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ഒരു അച്ഛന്‍ തന്റെ മകനെ വളര്‍ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും തന്റെ മകനെ കാണുന്നതും വളര്‍ത്തുന്നതും. പകരം, നാളെ തനിക്ക് താങ്ങും തണലും ആകാന്‍ പോകുന്ന, താന്‍ സൃഷ്‌ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്‌. പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി. അത് നമ്മുടെ ജന്മ ലക്‌ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവര്‍, ആ ലക്‌ഷ്യം സാക്ഷാത്കരിക്കാന്‍ ആയി പ്രയത്നിക്കണം.

ഒരു ശരാശരി ജീവിത നിലവാരം പുലര്‍ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്‌? തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവം എന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവര്‍ ഈശ്വര തുല്യമാണ് എന്നതില്‍ സംശയമില്ല. ഈ ഭൂമിയില്‍ പിറന്നു വീഴാന്‍ കാരനമായവര്‍ക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു. അവിവാഹിതനായ ഒരു യുവാവിന്റെ പ്രഥമവും മുഖ്യവുമായ കടമ തന്റെ മാതാ പിതാക്കളെ സംരക്ഷിക്കുക എന്നത് തന്നെ. സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങള്‍ക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാല്‍ കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ. എന്നാല്‍ നാളത്തെ തലമുറ അങ്ങനെ ചിന്തിക്കുന്നവരാകുമോ? സംശയിക്കേണ്ടിയിരിക്കുന്നു.പറക്കമുറ്റാത്ത കുഞ്ഞിനെ കപടതകള്‍ നിറഞ്ഞ ലോകത്തിലേക്ക് സ്വയം പര്യാപ്തനാക്കുന്നതിനു വേണ്ടി പറിച്ചെറിയുന്ന വടക്കന്‍ പാരമ്പര്യമല്ല നമ്മളുടെത്. സ്വന്തം മകനോ മകളോ ഒരു നിലയിലെത്തുന്നത് വരെ, അത് എത്ര വൈകിയ വേളയില്‍ ആണെങ്കിലും തങ്ങളാല്‍ കഴിയും വിധം പിന്തുണയ്ക്കുന്ന ഒരു പാരമ്പര്യം അനുഭവിച്ചറിയാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്‍. അത് പൂര്‍വ ജന്മ സുകൃതം. എന്നാല്‍ നാളത്തെ കാര്യമോ? ഇപ്പോള്‍ തന്നെ സ്വയം പര്യാപ്തരായ സഹോദരങ്ങള്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. അവരവര്‍ക്ക് അവരവരുടെ ജീവിതമാണ് വലുത്. അപ്പോള്‍ നാളെ നമ്മളുടെ മക്കള്‍ നമ്മളെ സംരക്ഷിക്കും എന്നതിന് എന്തുറപ്പാണ് ഉള്ളത്?

സ്വന്തം ജീവിതത്തിന്റെ പകുതി ഭാര്യക്കായും ബാക്കി ഉള്ളത് നാം സൃഷ്‌ടിച്ച മക്കള്‍ക്കായും കഷ്ടപാടുകളും യാതനകളും അനുഭവിച്ച് നരകിച്ച്‌ തീര്‍ക്കുമ്പോള്‍ ഒരു നിമിഷം ചിന്തിച്ചു പോകുന്നു, ഈ കഷ്ടപ്പാടുകള്‍ക്കു അര്‍ഹമായ ഫലം കിട്ടുന്നുണ്ടോ? ഈ അവസരത്തില്‍ പണ്ടെങ്ങോ കേട്ട ഒരു കഥ ഓര്മ വരുന്നു. ദൈവം പണ്ട് മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ മനുഷ്യന് മുപ്പതു വര്‍ഷത്തെ ആയുസ്സ് നല്‍കി. എന്നാല്‍ അത് കൊണ്ട് മനുഷ്യന്‍ സംത്രിപ്തനായില്ല. അപ്പോള്‍ അടുത്ത് നിന്ന കഴുത്ത ദൈവത്തിനോട് പറഞ്ഞു, എനിക്ക് പതിനഞ്ചു കൊല്ലം ആവശ്യമില്ല. എന്റെ ആയുസ്സില്‍ നിന്ന് അഞ്ചു കൊല്ലം മനുഷ്യന് കൊടുത്താലും എന്ന്. അങ്ങനെ മനുഷ്യന്റെ ആയുസ്സ് മുപ്പത്തി അഞ്ചു ആയി. പിന്നെയും സന്തുഷ്ടനാകാഞ്ഞ മനുഷ്യനെ കണ്ട്, അടുത്ത് നിന്ന കാള പറഞ്ഞു, എന്റെ ഇരുപതു കൊല്ലത്തില്‍ നിന്ന് പത്തു കൊല്ലം മനുഷ്യന് നല്‍കുക എന്ന്. അങ്ങനെ മനുഷ്യായുസ്സു നാല്‍പ്പത്തി അഞ്ചായി ഉയര്‍ന്നു. എന്നിട്ടും ദുഖിതനായ മനുഷ്യനെ കണ്ട നായയും ദൈവത്തോട് പറഞ്ഞു, എന്റെ ജീവിതത്തില്‍ നിന്ന് പത്തു കൊല്ലം മനുഷ്യന് നല്‍കിയാലും എന്ന്. അങ്ങനെ അമ്പതിയഞ്ചില്‍ എത്തി മനുഷ്യായുസ്സു. എത്ര കിട്ടിയാലും തീരാത്ത ആര്‍ത്തി അന്നേ മനുഷ്യന് ഉണ്ടായിരുന്നു. വീണ്ടും വിഷമിച്ചു നിന്ന മനുഷ്യനെ കണ്ട അട്ട പറഞ്ഞു എന്റെ ആയുസ്സിലെ പത്തു കൊല്ലം കൂടി മനുഷ്യന് നല്‍കുക. ഒടുവില്‍ അറുപത്തി അഞ്ചില്‍ മനുഷ്യന്‍ ഒരു വിധം സന്തുഷ്ടനായി. അങ്ങനെ മനുഷ്യന്‍ തന്റെ ആയുസ്സിലെ ആദ്യം മുപ്പതു കൊല്ലം സന്തുഷ്ടനായി ജീവിച്ചു. പിന്നീട് കഴുതയില്‍ നിന്ന് ദാനം കിട്ടിയ അഞ്ചു കൊല്ലം, കഴുതയെ പോലെ തന്നെ വിവേചന ബുദ്ധി ഇല്ലാതെ ഒരു വിവാഹമൊക്കെ കഴിച്ച് ഭാര്യ ആകുന്ന ഉടമസ്തയുടെ താളത്തിനു ഒത്തു തുള്ളി. പിന്നെ ഉള്ള പത്തു കൊല്ലം കാളയെ പോലെ കുടുമ്പമാകുന്ന പ്രാരാബ്ദ വണ്ടി വലിച്ചു. ഒടുവില്‍ പേരക്കിടാങ്ങള്‍ ആയപ്പോള്‍ അവര്‍ക്ക് കാവലാളായി, നായയെ പോലെ. അവസാനമുള്ള പത്തു കൊല്ലം അട്ടയെ പോലെ ഒരു കട്ടിലില്‍ ചുരുണ്ട് കൂടി. ഒടുവില്‍ തിരിച്ചറിഞ്ഞു, ഈ കണ്ട കാലമെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു വ്യര്‍ഥമാക്കി കളഞ്ഞത് സ്വന്തം ജീവിതമാണെന്ന്.

ഇവിടെയാണ്‌ ആധ്യാത്മികതയുടെ മഹത്വം നാം മനസ്സിലാക്കേണ്ടത്. ഒരു മനുഷ്യ ജന്മം എന്നത് മഹത്തായ ഈശ്വര കൃപയുടെ ഫലമാണ്. അത് വേണ്ട വിധം വിനിയോഗിക്കാതെ സ്വന്തം ഭാര്യക്കും മക്കള്‍ക്കും വേണ്ടി നരകിച്ച്‌ തീര്‍ക്കുന്ന ഒരുവന് അവസാന നാളുകളില്‍ ഒന്നോര്‍ത്തു ആശ്വസിക്കുവാന്‍ എന്താണുണ്ടാവുക? കുടുംബം, കുട്ടികള്‍ എന്നത് ഏതൊരാള്‍ക്കും അഭിമാനിക്കാവുന്ന വക തന്നെ ആണ്.പക്ഷെ ഇന്നത്തെ സമൂഹത്തില്‍ നാം സ്വന്തം കുട്ടികളെ ഒരു ഇന്‍വസ്ട്ട്മന്ടു ആയി കാണുക എന്നത് അസാധ്യം. മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്നു പഴമക്കാര്‍ പറയുന്നത് അന്വര്തമാകുന്നത് ഇന്നത്തെ സാഹചര്യത്തിലാണ്. ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്നതിനു പരിമിതികള്‍ ഇല്ല. വിവേചന ബുദ്ധിയും ചിന്തിക്കാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. എങ്കില്‍ പിന്നെ ആ ജന്മം സമൂഹ നന്മയ്ക്കായി ഉപയോഗിച്ച് കൂടെ? സ്വന്തം മക്കളോട് തോന്നുന്ന സ്നേഹം ചുറ്റിലും കാണുന്ന മനുഷ്യരോടും മറ്റു ചരാചങ്ങളോടും തോന്നിയാല്‍ അത് മതി ഈ ജന്മം സഭാലമാകുവാന്‍. ആധ്യാത്മികത മനസ്സിലാക്കാന്‍ സന്യാസി ആകണമെന്നോ കാഷായ വസ്ത്രം ധരിക്കണമെന്നോ ഇല്ല. ഗ്രഹസ്ഥാശ്രമിക്കും സന്യാസിയാകാം, സന്യാസിയുടെ മേന്മയും മഹത്വവും കൈ വരിക്കാം, സഹജീവികളെ സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടെങ്കില്‍. അമ്പലത്തില്‍ വഴിപാടു കഴിക്കുന്ന കാശിനു ഗതിയില്ലാത്ത ഒരു രോഗിക്ക് ഒരു നേരത്തെ മരുന്നും ആഹാരവും വാങ്ങി കൊടുത്താല്‍ അത് മതി ഈശ്വര കടാക്ഷത്തിനു. തീര്‍ത്ഥംങ്ങളില്‍ കുളിക്കുകയോ ഖോര ഖോരം തപം ചെയ്യുകയോ ഒന്നും വേണ്ട, ഒന്ന് കണ്ണ് തുറന്നു നോക്കിയാല്‍ മതി. മുന്നില്‍ തെളിയും, ദൈവ സന്നിധിയിലേക്കുള്ള പാത. ഒരു നേരത്തെ ആഹാരാതിനു വഴി ഇല്ലാത്തവന് നാം വാങ്ങി കൊടുക്കുന്ന കാലി ചായ മതി എല്ലാം കാണുന്ന ജഗദീശ്വരന്റെ മനസ്സ് നിറയാന്‍. ...ചിന്തിക്കുക... തിരിച്ചു കിട്ടും എന്നൊരിക്കലും ഉറപ്പില്ലാത്ത സ്നേഹത്തിനു വേണ്ടി ജീവിത കാലം മുഴുവന്‍ നരകിച്ച്‌ തീര്‍ക്കണോ അതോ തന്നാല്‍ കഴിയും വിധം മറ്റൊരുവന് നന്മ ചെയ്തു എന്നാ മന സംതൃപ്തിയോടെ മരിക്കണോ എന്ന്.

-ജി. ശരത് മേനോന്‍

****************************************************
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

No comments:

Post a Comment