Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: 3 Kings Review

Tuesday, July 5, 2011

3 Kings Reviewചിരിയുടെ മാല പടക്കവുമായി ത്രീ കിങ്ങ്സ് വരുന്നു എന്നൊക്കെ പരസ്യം കണ്ടപ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല അത് ഇത്ര വല്യ ഒരു വെറുപ്പീര് പടമാണെന്ന് . മുജ്ജന്മ സുകൃതം കൊണ്ടാണ് ഞാന്‍ കൂടുകാരെ ഒന്നും നിര്‍ബന്ധിച്ചു ഈ പടം കാണാന്‍ കൂടെ കൊണ്ട് പോകാതിരുന്നത്. ഇല്ലെങ്കില്‍ ഈ റിവ്യൂ എഴുതാന്‍ ബാക്കി വെക്കാതെ എന്നെ അവര്‍ തീയേറ്ററില്‍ തന്നെ തല്ലി കൊന്നു കുഴിച്ചു മൂടിയേനെ. ഗുലുമാല്‍ എന്ന ഹിറ്റ് കോമഡി ചിത്രത്തിന് ശേഷം വി.കെ പ്രകാശും, ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും വരുന്നു എന്നറിഞ്ഞപ്പോള്‍, സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല കോമഡി ചിത്രം പ്രതീക്ഷിച്ചു. അതെന്റെ തെറ്റ്. നൂറ്റിയമ്പത് രൂപ കൊടുത്തു ബാന്ഗ്ലൂരിലെ മല്ടിപ്ലക്സില്‍ കേറി കണ്ടു കാശ് കളഞ്ഞു. അതെന്റെ അഹങ്കാരം. ഇങ്ങനെയും തട്ടി കൂട്ടി ഒരു പടം എടുക്കാം എന്നറിയുന്നത് ഇതാദ്യമായാണ്.. പണ്ട് പ്രിത്വിരാജിനെയും ഇന്ദ്രജിത്തിനെയും തമ്മിലടിച്ചു മുന്നേറുന്ന പോലീസുകാരായി "പോലീസ്" എന്ന ഒരു ആക്ഷന്‍ ചിത്രം ചെയ്ത ആളാണ്‌ വി.കെ. പ്രകാശ്. പൊട്ടി പോയെങ്കിലും, സംഭവം കണ്ടിരിക്കാവുന്ന ഒരു സ്ട്ടയിലിഷ് പടമാണ്. അത്
പോല തന്നെ പോസിറ്റീവ് എന്ന വ്യത്യസ്തമായ യുവ പ്രതിഭകളുടെ ചിത്രവും എടുത്തു ഡീസന്റ് ഡയരക്ടര്‍ എന്ന ഒരു ഇമേജ് ഉണ്ടാക്കിയ മനുഷ്യന്‍ ആണ്. പിന്നീട് ട്രാക്ക് ഒന്ന് മാറ്റി. കോമഡി ആയി. അങ്ങനെ എടുത്ത ഗുലുമാലും വിജയിച്ചപ്പോള്‍ വി. കെ പ്രകാശിന്റെ ചിത്രം കണ്ടിരിക്കാം എന്നാ നിഗമനത്തില്‍ എത്തി ഞാന്‍. എന്നാല്‍ എന്നെ അങ്ങനെ അങ്ങ് നമ്ബെണ്ടെടാ ഉവ്വേ എന്ന് പുള്ളി തന്നെ പറഞ്ഞ പോലെ ആയി പോയി ഇത്. ഉണ്ടാകിയെടുത്ത പേര് സ്വയം കളഞ്ഞു കുളിച്ചിരിക്കുകയാണ് വി.കെ. പ്രകാശ്. പ്രകശേട്ടാ, നിങ്ങള്‍ തകര്‍ത്തത് വിശ്വാസമാണ്. നെഞ്ചോട്‌ ചേര്‍ത്ത് വെച്ച് ഞാന്‍ വളര്‍ത്തി വലുതാക്കിയ വിശ്വാസം...!

ഇനി ചിത്രത്തിലേക്ക്. ശങ്കരന്‍, ഭാസ്കരന്‍, റാം (ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍) എന്നിവര്‍ പണ്ട് പ്രതാപമായി വാണിരുന്ന എന്നാല്‍ കാര്‍ന്നോന്മാരുടെ സാമര്‍ത്ഥ്യം കൊണ്ട് ഇപ്പോള്‍ കുട്ടി ചോറായ ഒരു പഴയ കൊട്ടാരത്തിലെ ഇളം തലമുറക്കാരാണ്. കുട്ടിക്കാലം തൊട്ടെ മൂന്ന് പേരും അങ്ങോട്ടും ഇങ്ങോട്ടും അടിയാണ്. മുതിര്‍ന്നതോടെ അവര്‍ തമ്മിലുള്ള മത്സരവും, ശത്രുതയും വര്‍ദ്ധിച്ചു.മൂന്നു പേരും പരസ്പരം പാര വച്ച് നടക്കുന്നു. എങ്ങനെയും പണക്കാരാകുക എന്നതാണ് അവരുടെ ലക്‌ഷ്യം. മൂന്നു പേരെയും നന്നാക്കാന്‍ അളിയന്‍ ആയ അശോകന്‍ ഒരു കോള്‍ സെന്ററില്‍ ജോലിക്ക് കയറ്റുന്നു. അവിടെയും അവര്‍ അന്യോന്യം പാര വെക്കുന്നു. മൂന്നു പേര്‍ക്കും കിട്ടിയ വാഷിംഗ് മെഷീന്‍, ട്രെഡ്മില്‍, മിക്സി എന്നിവയുടെ സജഷന്‍ മാനുവല്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോരുത്തരും മാറ്റി വെക്കുന്നു. പിന്നെ മനസ്സിലായി കാണുമല്ലോ. ട്രെട്മിലിന്റെ കംബ്ലയിന്ടു പറയുന്ന കസ്ട്ടമരിനോട് മിക്സിയെ പറ്റിയും, മിക്സിയുടെ കസ്ട്ടമരിനോട് വാഷിംഗ് മെഷീനെ പറ്റിയും, വാഷിംഗ് മെഷീന്റെ ആളോട് ട്രെഡ് മില്ലിനെ പറ്റിയും പറഞ്ഞു കൊടുക്കുന്നു. അതും പോരാഞ്ഞു ഹാസ്യം എന്ന പേരില്‍ മിക്സിക്ക് അകത്തു അണ്ടര്‍ വെയര്‍ ഇടുന്നതും അത് പറന്നു നടക്കുന്നതും, വാഷിംഗ് മെഷീനിനകത്തു ഒരാളു കയറുന്നതും അയാള്‍ ചുരുങ്ങി ചെറുതായി പോകുന്നതും ഒക്കെ കാണിക്കുന്നുണ്ട്. ഇതൊക്കെ കണ്ടു കാണികള്‍ കയ്യടിക്കണോ അതോ ഡയരക്ടരുടെ കൈ തല്ലി ഒടിക്കണോ? നിങ്ങള്‍ തന്നെ പറ. അന്നേരം ഇതൊക്കെ എഴുതിയവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇനി ഒരു കഥ എഴുതാന്‍ അവന്റെ ഒന്നും കൈ പൊങ്ങാത്ത വിധത്തില്‍ ആകിയേനെ. (സോറി ഞാന്‍ അല്പം ഇമോഷണലായി പോയി. നിക്ക് സങ്കടണ്ട്)അങ്ങനെ ഇരിക്കുമ്പോഴാണ് അവരുടെ കൊട്ടാരം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവാകുന്നത്. പണ്ട് അടിയാന്‍ ആയിരുന്ന എന്നാല്‍ ഇപ്പോള്‍ പണക്കാരനായ ജഗതിയുടെ കയ്യില്‍ നിന്ന് വാങ്ങിയ കടത്തിന്റെ പേരിലാണ് ഇത്. കൊട്ടാരം ലേലത്തില്‍ പിടിച്ചു എല്ലാവരേം പടിയിറക്കും എന്ന് ജഗതി പറയുമ്പോള്‍ കൊട്ടാരം തങ്ങള്‍ തന്നെ പിടിക്കും എന്ന് മൂന്നു പേരും വീട്ടുകാര്‍ക്ക് ഉറപ്പ് കൊടുക്കുന്നു. അതിനു അവര്‍ കണ്ടെത്തുന്ന പോം വഴി ആണ് പണക്കാരി ആയ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുക എന്നത്. അങ്ങനെ സഹോദരിമാരായ അഞ്ചു, മഞ്ജു ,രെഞ്ചൂ,,(സംവൃത,,സന്ധ്യ, ആന്‍ അഗസ്റ്റിന്‍ ) എന്നിവരെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു. അപ്പോഴാണ്‌ അറിയുന്നത് അവര്‍ ജഗതിയുടെ മക്കള്‍ ആണെന്ന്. ഇവിടെ ഒരു ചോദ്യം.ജഗതി ഈ മൂന്നു പേരുടെയും ആജന്മ ശത്രു ആണ്. സ്വന്തം കാമുകിമാരുടെ അച്ഛന്‍ ആരാണ് എന്ന് പെണ്ണ് ചോദിക്കാന്‍ വേണ്ടി അവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ മാത്രമാണോ കാമുകന്മാര്‍ അറിയുന്നത്? തന്നെയുമല്ല. ഈ മൂന്നു പെണ്‍കുട്ടികളും സഹോദരിമാര്‍ ആണെന്ന് അറിയുന്നതും അവിടെ വച്ച് തന്നെ. സ്വന്തം കാമുകിയുടെ വീട്ടില്‍ ആരൊക്കെ ഉണ്ട്, എന്ന് പോലുമറിയാത്ത കാമുകന്മാര്‍ ഇന്ന് കേരളത്തില്‍ ഉണ്ടാകുമെന്ന്‍ തോന്നുന്നില്ല.

ജഗതി മക്കളെ കെട്ടിച്ചു കൊടുക്കില്ല എന്നുറപ്പായപ്പോള്‍ അവര്‍ ജഗതിയുടെ വീട്ടില്‍ നിന്നും രാത്രി ആധാരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. പിന്നെ കാണുന്നത് റാംജി റാവു സ്പീക്കിംഗ് തൊട്ടു നമ്മള്‍ കണ്ടു വരുന്ന തമാശയാണ്. ഒരേ പോലത്തെ മുഖം മൂടി വച്ച് വരുന്ന മൂന്നു പേരും, ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നതും കണ്ടു ചിരിക്കാനല്ല, കഥ എഴുതിയവനെ തൊഴിക്കാന്‍ ആണ് തോന്നിയത്. പിന്നീട അവര്‍ അറിയുന്നു അവരുടെ കൊട്ടാരത്തില്‍ വില പിടിപ്പുള്ള ഒരു വിഗ്രഹം ഉണ്ടായിരുന്നു എന്ന്. പണ്ട് ടിപ്പുവിന്റെ പടയോട്ട കാലത്ത് ആരോ മൈസൂരിനടുത്തുള്ള ഒരു കാട്ടിലെ ഗുഹയില്‍ അത് ഒളിപിച്ചു വച്ച് എന്നും. അവിടേക്ക് ഉള്ള മാപ്പ് മൂന്ന് പേരും കൂടി അടി പിടി കൂടി വലിച്ചു കീറി മൂന്നു പേര്‍ക്കും ഓരോ ഭാഗം കിട്ടുന്നു. പിന്നെ എന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. നിധി തേടി മൂന്നു ജോടിയും പുറപ്പെടുന്നു. ഇനി ക്ലൈമാക്സ് വരെ ഉള്ള രംഗങ്ങള്‍ ഹിന്ദി ചിത്രമായ ധമാലിന്റെ തനി പകര്‍പ്പാണ്. മൈസൂരില്‍ ആദ്യം എത്താന്‍ ഒരു പ്രൈവറ്റ് ജെറ്റില്‍ ജഗതിയും ഡ്രൈവറും കയറുന്നു. വിമാനത്തിന്റെ പയിലട്ട് വെള്ളമടിച്ചു വിമാനത്തില്‍ പാമ്പായി കിടക്കുന്നു. ഉടനെ ജഗതിയുടെ കാര്‍ ഡ്രൈവര്‍ വിമാനം പറത്തുന്നു. എന്തുവാ ഇതൊക്കെ? തമാശ ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെ ഉണ്ടോ ഒരു സാഹസം. ഇതിലും ഭേദം ഒരാള്‍ പഴ തൊലിയില്‍ ചവിട്ടി താഴെ വീണിട്ടു ബാക്ഗ്രൌണ്ടില്‍ കുറെ പേര്‍ ചിരിക്കുന്ന ശബ്ദം പ്ലേ ചെയ്യുന്നതായിരുന്നു. അതേ സമയം വഴിയില്‍ കണ്ട ഒരു തെലുങ്കന്‍ കാറ് കാരനോട് ലിഫ്റ്റ്‌ ചോദിച്ചു കയറിയ ജയസൂര്യയും സംവൃതയും അയാളോട് പേര് ചോദിക്കുന്നതും അയാള്‍ തന്റെ മുതു മുത്തച്ചന്മാരുടെ അടക്കം അര മണിക്കൂര്‍ നീളമുള്ള പേര് പറയുന്നതും ഒക്കെ ധമാല്‍ ഇല്‍ മാത്രമല്ല , ഇ മെയില്‍ ഫോര്‍വെര്ദ് ആയിട്ടും കിട്ടിയിട്ടുണ്ട്. മലയാളികളും ഹിന്ദി പടം കാണും എന്ന് പ്രകാശേട്ടന്‍ ഓര്‍ത്തു കാണില്ല.സന്ധ്യ, ആന്‍, സംവൃത എന്നിവര്‍ക്ക് അഭിനയ പ്രാധാന്യം പോയിട്ട് നല്ലൊരു ദയലോഗ് പോലും ഈ ചിത്രത്തില്‍ ഇല്ല. ആന്‍ അഗസ്റ്റിന്‍ വായ തുറന്നു സംസാരിക്കാന്‍ തുടങ്ങുമ്പോഴേ ആളുകള്‍ കൂവാന്‍ തുടങ്ങും. അത്രയ്ക്ക് അസഹനീയമാണ്. മൂന്ന് പെണ്ണുങ്ങളെയും മണ്ടികള്‍ ആയി ചിത്രീകരിച്ചതും കോമഡിക്ക് വേണ്ടി ആണെന്ന് തോന്നുന്നു. പക്ഷെ അതു വെറും ട്രാജഡി ആയി പോയി. പാട്ടുകളുടെ കാര്യമാണേല്‍ പിന്നെ പറയുകേം വേണ്ട... അതെന്താ പാട്ടില്ലേ? പാട്ടുണ്ട് പക്ഷെ അത് പാടാന്‍ എന്റെ പട്ടി പോലും വരില്ല. പതിവ് പോലെ കോമാളിത്തരവും കൊണ്ട് സുരാജും ഉണ്ട്. പല ഇടങ്ങളിലും മറ്റു പല ചിത്രങ്ങളെ കളിയാക്കാനും ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍. സുരാജ് ബസ് തട്ടിക്കൊണ്ടു പോകുമ്പോള്‍ അന്‍വര്‍ ഇലെ പ്രിത്വിരാജിന്റെത് പോലത്തെ വേഷങ്ങള്‍ ധരിക്കുന്നതും, കുഞ്ചാക്കോയും ആനും വരുമ്പോള്‍ എല്‍സമ്മയും ആണ്‍കുട്ടിയും വരുന്നുണ്ട് എന്ന് പറയുന്നതും, ക്രിക്കറ്റ് ബാറ്റു കൊണ്ടുള്ള അടി കൊണ്ട് ആശുപത്രിയില്‍ ആകുന്ന ക്രിക്കറ്റ് താരം സുശാന്തും ഒക്കെ തിയെറ്ററില്‍ അവിടെയും ഇവിടെയും ചിരി ഉണര്ത്തുന്നുണ്ട്. എങ്കിലും ഹരിഷങ്കരിന്റെ സില്‍സില പോലെ ഈ ചിത്രത്തില്‍ ജയസൂര്യ ബില്‍സില ഹെ ബില്‍സില എന്ന് പാടി അഭിനയിക്കുന്നത് കാണുമ്പോള്‍ വല്യ തമാശയായി തോന്നുന്നില്ല. ഇതൊന്നും പോരാഞ്ഞു അവസാനം ഗുഹയിലെത്തി നിധി കണ്ടു പിടിച്ചു കഴിയുമ്പോഴാണ് അവര്‍ അറിയുന്നത് സത്യത്തില്‍ ഇതൊക്കെ അവര്‍ക്കിട്ടു ഒരു പണി കൊടുക്കാന്‍ അളിയന്‍ അശോകന്‍ നടത്തിയ നാടകം ആയിരുന്നു എന്നും അവര്‍ പോലും അറിയാതെ അവര്‍ "ട്രഷര്‍ ഹണ്ട്" എന്നാ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക ആയിരുന്നു എന്നും. ഗംഭീര ട്വിസ്റ്റ് തന്നെ അല്ലെ. ഇത് പോലത്തെ ട്വിസ്റ്റുകള്‍ ഇനിയും ഇറക്കിയാല്‍ സംവിധായകന്റെ കഴുത്ത് ഞങ്ങള്‍ ട്വിസ്റ്റു ചെയ്തു വിടും പറഞ്ഞേക്കാം

ചുരുക്കി പറഞ്ഞാല്‍ കഷ്ടപ്പെട്ട് ഉണ്ടാകുന്ന കാശ് കത്തിച്ചു കളയുന്നതിനു തുല്യമാണ് ഈ ചിത്രം തീയേറ്ററില്‍ പോയി കാണുന്നത്. കഥ എന്ന് പറയുന്ന ഒരു സംഭവം ഇതില്‍ ഇല്ല. കുറെ രംഗങ്ങള്‍ ഒട്ടിച്ചു വെച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. ഒരു ഇന്റര്‍വ്യൂവില്‍ ജയസൂര്യ പറയുന്നത് കേട്ടു ബുദ്ധി വീട്ടില്‍ വെച്ചിട്ട് വേണം ഈ ചിത്രം കാണാന്‍ വരാന്‍ എന്ന്. എന്നാല്‍ ഞാന്‍ പറയുന്നു ബുദ്ധി മാത്രമല്ല കയ്യും വീട്ടില്‍ വെച്ചിട്ട് വേണം ഈ ചിത്രം കാണാന്‍ ചെല്ലാന്‍. അല്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ സ്ക്രീന്‍ വലിച്ചു കീറും. നല്ല ചിത്രങ്ങളെ മലയാളി എന്നും കൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ഇത് പോലെ ഉള്ള ചിത്രങ്ങള്‍ ഒരിക്കലും പ്രേക്ഷക മനസ്സില്‍ ഇടം നേടില്ല. കോമഡി ചിത്രമായത് കൊണ്ട് കഥ വേണ്ട, ഹാസ്യ രംഗങ്ങള്‍ മാത്രം മതി എന്നാ ധാരണ ഇനി എങ്കിലും സംവിധായകരും എഴുത്തുകാരും മാറ്റിയെ പറ്റു. ചാര്‍ളി ചാപ്ലിന്‍ തമാശകളില്‍ പോലും ഒരു കഥ ഉണ്ടായിരുന്നു. അത് വെറും കൊമാളിതരമോ കോപ്രായങ്ങളൊ അല്ല. എന്നാല്‍ ഇന്ന് ഇറങ്ങുന്ന സിനിമകളിലെ തമാശ കണ്ടാല്‍ ചിരി അല്ല സഹതാപമാണ് തോന്നാറ്. എന്തായാലും പറ്റിയത് പറ്റി. വേറെന്തോ വലുത് വരാനിരുന്നത് ഇങ്ങനെ അങ്ങ് തീര്‍ന്നു എന്നെ ഞാന്‍ കരുതുന്നോള്ളൂ. ധന നഷ്ടം, സമയ നഷ്ടം ഒക്കെ എന്റെ ഈ ആഴ്ചത്തെ വാര ഫലത്തില്‍ ഉണ്ടായിരുന്നു.ഒടുവില്‍ ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു!!!

-ജി. ശരത് മേനോന്‍

****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

2 comments:

  1. സത്യം പറഞ്ഞാല്‍ ഇതിലെ പാട്ടുകളെല്ലാം ടി വിയില്‍ കണ്ടപ്പോള്‍ പടം നല്ല ഒരു എന്റര്‍ടയ്നര്‍ ആണെന്ന് തോന്നിയത് കൊണ്ട് കാണണം എന്ന് കരുതിയതായിരുന്നു. പക്ഷെ രണ്ടാമത്തെ മോളെ conceive ആയിരുന്ന സമയമായതു കൊണ്ട് ഫസ്റ്റ് ഷോ കഴിഞ്ഞ് ബൈക്കില്‍ കുറെ ദൂരം യാത്ര ചെയ്യേണ്ട എന്ന ഒറ്റ കാരണം കൊണ്ട് കാണാതെ വിട്ടതായിരുന്നു. അത് ഭാഗ്യമായി എന്ന് പിന്നീടുള്ള റിവ്യൂകള്‍ വായിച്ചപ്പോള്‍ മനസ്സിലായി. കുറച്ചു നാള്‍ മുന്‍പ് ടിവിയില്‍ വന്നപ്പോള്‍ ഒന്ന് അറിയാതെ വച്ച് പോയി...അതോടെ പൂര്‍ണ തൃപ്തിയായി..

    ReplyDelete
    Replies
    1. സുവി... ദൈവാധീനം എന്നല്ലാതെ എന്താ പറയുക. അന്നേരം എങ്ങാനും ഈ സിനിമ കണ്ടിരുന്നേല്‍ പ്രാന്തായി പോയേനെ. കണ്സീവ് ആയി irikkumpo മനസ്സിന് വിഷമം തോന്നുന്നത് ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യരുതെന്നല്ലേ

      Delete