ചരിത്രം ചമയ്ക്കുക എന്നത് വളരെ പാടുള്ള ഒരു കാര്യമാണ്. ചരിത്രം വിശ്വസനീയമായ തരത്തിൽ വളച്ചൊടിക്കുക എന്നത് അതിനേക്കാൾ പാടുള്ള കാര്യമാണ്. ആ ദുഷ്കരമായ കർമ്മം വളരെ അനായാസേന, വിജയകരമായി, വർഷങ്ങളായി ചെയ്തു വരുന്ന ഒരു സാഹിത്യകാരൻ ആണ് ശ്രീ എം.ടി. വാസുദേവൻ നായർ. സാഹിത്യ രചനയിലും അറിവിലും കഴിവിലും എം.ടിയെ വെല്ലു വിളിക്കാനോ ഒപ്പം നിൽക്കാനോ ഇന്ത്യയിൽ ഇന്നൊരു മനുഷ്യൻ ജീവിച്ചിരിപ്പില്ല. അത് സത്യം തന്നെ. എങ്കിലും ചരിത്ര പരമായ കൃതികൾ ചമയ്ക്കുമ്പോൾ അറിഞ്ഞൊ അറിയാതെയോ എം.ടി പലപ്പോഴും യാതഥാർഥ്യം വളച്ചൊടിക്കാറുണ്ട്. ഒരു തരത്തിൽ ചിന്തിച്ചാൽ അദ്ദെഹത്തിന്റെ ഭാഗത്തും ന്യായമുണ്ട്. മുൻപേ തന്നെ രചിക്കപ്പെട്ട കാവ്യങ്ങളോ പുരാണ കഥകളോ അതേ പോലെ വീണ്ടും ഒരാവർത്തി കൂടി എഴുതുന്നതിൽ അർത്ഥമില്ല. അതിനാലാവണം അദ്ദെഹം അത്തരം പുരാണങ്ങളുടെ ഒരു "എം.ടി വേർഷൻ" എന്ന് പറയപ്പെടാവുന്ന സൃഷ്ടികൾ രചിക്കുന്നത്. കുഴപ്പം എന്താണെന്ന് വച്ചാൽ പുസ്തകങ്ങളോട് അകലം പാലിക്കുന്ന ഇന്നത്തെ തലമുറ യാതഥാർത്ഥ്യത്തിൽ നിന്ന് ഡീവിയേറ്റ് ചെയ്ത എം.ടി കൃതികളുടെ ചലച്ചിത്ര ആവിഷ്കാരം കണ്ട്, അതാണ് സത്യം എന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യത ഉണ്ട്. കണ്മുന്നിൽ കാണുന്ന സിനിമ വെറും ഭാവനയാണ് അല്ലെങ്കിൽ കലാസൃഷ്ടി ആണ് എന്ന് വിസ്മരിക്കുന്ന തലമുറ ആണ് ഇന്നുള്ളത്. സിനിമയിൽ കാണുന്നതാണ് സത്യം എന്ന് കരുതി അത് ജീവിതത്തിലേക്ക് പകർത്തുന്ന ഒരു ജനതയുടെ മുൻപിൽ വ്യാഖ്യാനിക്കപ്പെട്ട അല്ലെങ്കിൽ വളച്ചൊടിക്കപ്പെട്ട ചരിത്രം വെള്ളിത്തിരയിൽ എത്തിക്കുമ്പോൾ പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായെങ്കിലും കുറച്ച് പേരേ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിൽ അല്ലെങ്കിൽ തെറ്റായ അറിവ് നൽകുന്നതിൽ കഥാകാരന് വളരെ വലിയ പങ്കുണ്ട് .