Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: Oru Ahmedabad Yatra

Saturday, March 12, 2011

Oru Ahmedabad Yatra

flight

ഇന്നലെ അഹമദാബാദ് വരെ ഒന്ന് പോയി. പക്ഷെ അതിത്രേം വല്യ പണി ആകുമെന്ന് കരുതിയില്ല. അവിടെ ഒരു പരിപാടി അറ്റന്‍ഡ് ചെയ്യാന്‍ പോയതായിരുന്നു ഞാന്‍. ഉച്ചക്ക് തന്നെ അവിടെ എത്തി പ്രോഗ്രാം സ്ഥലത്ത് ചെന്നു.പിറ്റേ ദിവസം അതായത് ഇന്ന് വെളുപ്പിന് 8 മണിക്ക് (8 മണി എന്നൊക്കെ പറഞ്ഞാ എന്നെ പോലെ ഉള്ളവര്‍ക്ക് കൊച്ചു വെളുപ്പാന്‍ കാലമാണേ) ആണ് തിരിച്ചു ബാന്ഗ്ലൂരിലെക്ക് ഉള്ള ഫ്ലൈറ്റ്. രാത്രി മുഴുവന്‍ പ്രോഗ്രാം സ്ഥലത്ത് സേവനം (നിങ്ങള്‍ ഉദ്ദേശിക്കുന്ന "സേവ" അല്ല. ലിത് വേറെ ) ഒക്കെ ചെയ്തു ആകെ ക്ഷീണിച്ചു. വെളുപ്പിന് മൂന്ന് മണിക്ക് പരിപാടി തീര്‍ന്നാല്‍ ആറു മണി വരെ ഉറങ്ങിയിട്ട് ചാടി ഓടി എട്ടു മണിയുടെ ഫ്ലൈടു പിടിക്കാം എന്നാ എന്റെ വ്യാമോഹം കാറ്റില്‍ പറത്തി കൊണ്ട് പരിപാടി തീര്‍ന്നത് ആറരക്കു. പിന്നെ ഒരു മരണ പാച്ചില്‍ ആയിരുന്നു. ഉടനെ തിരിച്ചു ബംഗ്ലൂര്‍ എത്തിയിട്ട് പ്രത്യേകിച്ചു വല്ല ആവശ്യമൊന്നുമില്ല പക്ഷെ അഹമദാബാദ്ല്‍ നിന്നത് കൊണ്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ല. നല്ല തല്ലു നാട്ടില്‍ കിട്ടുമ്പോള്‍ ഞാന്‍ എന്തിനു വെറുതെ പാവം ഗുജറാതികളെ ബുദ്ധിമുട്ടിക്കണം. ഒന്നുമല്ലേലും ഗാന്ധിയുടെ നാട്ടുകാര്‍ക്ക് ഞാന്‍ ആയിട് പണി ഉണ്ടാകി കൊടുക്കരുതല്ലോ. ഗാന്ധിയുടെ ക്ഷമയും ശീലവും ഒക്കെ നാടുകാര്‍ക്കും കാണണം എന്നില്ലല്ലോ. ഒരു കരണം അടിച്ചു പൊട്ടിച്ചാല്‍ മറ്റേതും കൂടെ പൊട്ടികാതെ അവന്മാര് വിടൂല്ല. എന്നാ പിന്നെ ഇങ്ങു പോന്നേക്കാം എന്ന് കരുതി.

അങ്ങനെ ആറരക്കു പരിപാടി തീര്‍ന്നു നേരെ ഡ്രസ്സ് മാറി എയര്പോര്ട്ടിലോട്ടു. രാത്രി ഒരു പോള കണ്ണ് അടയ്ക്കാഞ്ഞത് കൊണ്ട് എവിടെ എങ്കിലും ഇരുന്നാല്‍ അവിടെ ഇരുന്നു ഉറങ്ങി പോകും എന്നാ അവസ്ഥ. നല്ല ക്ഷീണം. സാരമില്ല, ഫ്ലൈറ്റില്‍ ഇരുന്നു ഉറങ്ങാമല്ലോ. എയര്‍ഹോസ്ട്ടസ്സുമാര്‍ക്കും മനസമാധാനത്തോടെ തെക്ക് വടക്ക് നടക്കാം . എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ദോഷം പറയരുതല്ലോ ഈ എയര്‍ഹോസ്റ്റസ് എന്ന് പറയുന്ന ജീവികള്‍ ഒരു സംഭവം തന്നെ. വീടിനു വയിറ്റ് വാഷ് അടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മേക്കപ്പ് ഇടുമെങ്കിലും ആരായാലും പിന്നേം നോക്കി പോകും. അങ്ങനെ സീറ്റ് തപ്പി എടുത്തു ചെന്നിരുന്നു. അപ്പുറത്ത് ഒരുത്തന്‍ ഇരിപ്പുണ്ട്. ഏതെങ്കിലും കിടിലം പെങ്കൊച്ചു ആരിക്കണേ എന്നാ എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലെന്നു മാത്രമല്ല എട്ടിന്റെ പണി തരുകയും ചെയ്തു. അങ്ങനെ ടെക്ക് ഓഫും കഴിഞ്ഞു ഇനി ഒന്ന് മയങ്ങാം എന്ന് കരുതിയപ്പോഴാ അശിരീരി പോലെ ഇപ്പുറത്ത് ഇരുന്നവന്റെ ചോദ്യം

"എങ്ങോട്ടാ?"

"ബാന്ഗ്ലൂരിനു"

"ഞാന്‍ കൊച്ചിലോട്ട"

അതിനു ഞാന്‍ എന്നാ വേണം?,
എന്ന് ചോദിക്കാന്‍ ആണ് നാക്ക് വളച്ചതെങ്കിലും

"ആയിക്കോട്ടെ" എന്ന് പറഞ്ജോതുക്കി.

"ബാങ്ങ്ലൂരില്‍ എന്ത് ചെയ്യുന്നു?"

എന്തും ചെയ്യും. ശെടാ ഇങ്ങേരു വിടാന്‍ ഭാവമില്ലല്ലോ

"അവിടെ ഐ ബി എമ്മില്‍ ജോലി ചെയ്യുവാ"

"അല്ല, അപ്പൊ ഇവിടെ?"

"ഒരു പ്രോഗ്രാം ഉണ്ടായിരുന്നു"

"ഓ അപ്പൊ ഡാന്‍സര്‍ ആണല്ലേ?"

അല്ലെടാ, ക്യാബറെ ആര്ടിസ്റ്റു!!!

ഏതു ആങ്കിളില്‍ നോക്കിയപ്പോ ആണെടാ കോപ്പേ ഞാന്‍ ഡാന്‍സര്‍ ആയിട്ട് തോന്നിയത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ മിണ്ടിയില്ല. മിണ്ടാതിരുന്ന ചിലപ്പോ നിര്തുമാരിക്കും

"ഞാന്‍ അളിയനെ കാണാന്‍ വന്നതാ"

"ഏതാ ? "

"അല്ല, ഞാനേ, എന്റെ അളിയനെ കാണാന്‍ വന്നതാ. പെങ്ങളെ കെട്ടിച്ചു വിട്ടത് ഇങ്ങോട്ട. ഇഷ്ടം ഉണ്ടായിട്ടല്ല. പക്ഷെ പ്രേമ വിവാഹം ആയിരുന്നു"

ഞാന്‍ ഇതൊന്നും ചോദിച്ചില്ലല്ലോ. അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ്‌ തന്റെ ജീവ ചരിത്രം ഒരു പേപ്പറില്‍ എഴുതി താ. ഞാന്‍ വീട്ടില്‍ പോയി വായിച്ചോളാം.

"അത് നന്നായി"

"ഏതു?"

"അല്ല, പ്രേമ വിവാഹം."

"വീട്ടില്‍ വല്യ എതിര്‍പ്പായിരുന്നെന്നെ. പിന്നെ ഞാന്‍ അങ്ങ് സമ്മതിപ്പിച്ചു. പുള്ളിക്ക് അന്നേ അഹമദാബാദ്ല ജോലി. ഞാന്‍ ആണെങ്കി അഹമദാബാദ് കണ്ടിട്ടുമില്ല. അത് കൊണ്ട സമ്മതിച്ചേ."

പിന്നെ, അഹമ്മദാബാദ് അങ്ങ് കറാച്ചിക്ക് അപ്പുറത്ത് ആണല്ലോ. കെട്ടിച്ചു തന്നില്ലേല്‍ കെട്ടി തൂങ്ങി ചാകുമെന്നു പെണ്ണ് വിരട്ടി കാണും. നമ്മളിതെത്ര കണ്ടതാ.

"അത് കൊണ്ട് അഹമദാബാദ് കാണാന്‍ പറ്റിയില്ലേ. ഇനി എന്ത് വേണം" ,
എന്നൊരു കൊട്ട് ഞാന്‍ കൊടുത്തു. അതോടെ അങ്ങേര് സയലന്ടു ആയി. എനിക്ക് സമാധാനമായി.

അങ്ങനെ കിട്ടിയ ഗ്യാപ്പില്‍ ഉറങ്ങിയെക്കാം എന്ന് കരുതി കണ്ണടച്ച എന്നെ, കാലന്‍ പിന്നേം കുത്തി പൊക്കി.

"ആ എയര്‍ഹോസ്റ്റസ് പെണ്ണിനു എന്നോട് എന്തോ ഒരു ഇത് ഒണ്ടു",
ഒരു വളിച്ച ചിരിയും പാസാകി പുള്ളിയുടെ ടയലോഗ്

ഈശ്വര, ഇതിനും മാത്രം ഞാന്‍ എന്ത് പാപം ചെയ്തു. ഉറങ്ങാനോ സമ്മതിക്കുന്നില്ല. അത് പോട്ടെ. ഇനി ഇതും കേക്കണോ.

"അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞെ?"

"അല്ല , ആ കൊച്ചെ, എന്റെ അടുത്തൂന്നു. മാറുന്നില്ല. ബെല്ടിട്, വെള്ളം വേണോ, സീറ്റ് നേരെ വെക്കൂ, എന്നൊക്കെ പറഞ്ഞു എന്റടുത്തു തന്നെ ചുറ്റി പറ്റി നിക്കുവാന്നെ"

ബെസ്റ്റ്. എടൊ മനുഷ്യ, അത് ആ പെണ്ണ് എല്ലാരോടും പറയുന്നതാ.

"ചേട്ടോ, അത് ആ പെണ്ണിന്റെ ജോലിയ"

"ഹം അവളെനിക്ക് ജോലി ഉണ്ടാക്കും!!!"

ദൈവമേ, ഇങ്ങേരു ഒരു പി. ജെ ജോസഫ് ആരുന്നോ? ഫ്ലൈറ്റില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കേറി പിടിക്കുവോ? അങ്ങനാണേല്‍ ആകാശത്ത് വെച്ച് ഒരു കൊലപാതകം നടക്കും.

"കണ്ടോ കണ്ടോ, അവള്‍ എന്നെ നോക്കി ചിരിക്കുന്നു"

തന്നെ കണ്ടാല്‍ ആരായാലും നോക്കി ചിരിക്കും. അതിനവളെ കുറ്റം പറയാനോക്കതില്ല എന്നാണു എന്റെ മനസ്സില്‍ വന്നത്.

"ഏതു പെണ്ണിന്റെ കാര്യമാ"

"ദോണ്ടേ ആ മുടി പൊക്കി കെട്ടിയ പെണ്ണില്ലേ. കഴുത്തില്‍ മരുകൊള്ളത്."

ഈശ്വര, ഇങ്ങേരു അതിനിടക്ക് അതും കണ്ടു പിടിച്ചോ.

"പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചോ?"

ഞാന്‍ ഒന്ന് ഞെട്ടി.മറുക് മാത്രം അല്ലാതെ ഇങ്ങേരു വേറെ എന്തെങ്കിലും കണ്ടു കാണുമോ?

"എന്താ?"

"ഈ എയര്‍ഹോസ്ട്ടസിനെല്ലാം ഒരു ചൈനീസ് ലൂക്കാ"

"ചിലപ്പോ അവര് ചൈനയില്‍ നിന്നായിരിക്കും മാഷേ" , ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു

"അല്ല ഒന്നിനും ഒരു മലയാളി ലൂക്കില്ല"

"മലയാളി ലുക്ക്‌ വേണെങ്കില്‍ ചേട്ടന്‍ തിരുവനന്തപുരത്ത് ലേഡി കണ്ടക്ടര്‍ ഉള്ള ബസില്‍ കേറിയ മതി!!!" ,

പിന്നേം ഞാന്‍ സ്കോര് ചെയ്തു. സമാധാനമായി. അങ്ങേരു കിട്ടിയ ഗോളും മേടിച്ചു പുറതോട്ടും നോക്കി ഇരിപ്പായി. ഇനി ഒന്ന് ഉറങ്ങാം

ഒരു പത്തു മിനിട്ട് കഴിഞ്ഞു കാണും,

"എനിക്ക് സംശയമുണ്ട്‌!!!"

"ങേ! ആരാ, എന്താ? "
ഞാന്‍ ഉറക്കത്തീന്ന് ചാടി എണീറ്റു.

"എനിക്കീ പൈലറ്റിനെ സംശയമൊണ്ട്"

ഈ കാലമാടനെ ഞാന്‍ ഇന്ന് കൊല്ലും. ഉറങ്ങി കിടന്നവനെ വിളിച്ചുണര്‍ത്തി പിച്ചും പേയും പറയന്നു. എനിക്ക് കണ്ട്രോള് തരണേ ഭഗവാനെ.... ഇത്തവണ സ്വരം അല്പം കടുപ്പിച്ചു തന്നെ ചോദിച്ചു

"എന്താ ചേട്ടന്റെ പ്രശ്നം?"

"എനിക്കീ പൈലറ്റിനെ സംശയമുണ്ടെന്നെ. പ്ലയിന്‍ ഇപ്പൊ ഒന്ന് കുലുങ്ങിയത് ശ്രദ്ധിച്ചോ?"

"നിര്‍ത്തി ഇട്ടെക്കുവല്ലല്ലോ. ചിലപ്പോ കുലുങ്ങി എന്നൊക്കെ ഇരിക്കും"

"അതല്ല. ഇന്നലെ പത്രത്തില്‍ ഉണ്ടായിരുന്നു. ഇന്‍ഡിഗോ ഫ്ലയിട്ടു ഇത്രേം കാലം ഓടിച്ചത് വ്യാജ സര്ട്ടിഫിക്കടു ഒള്ള പൈലറ്റ് ആരുന്നു എന്ന്. ഇനി ചിലപോ ഇതിലും അങ്ങനെ ആണോ. കൊറെ നേരമായി ഗട്ടറില്‍ വീണ പോലെ കുലുങ്ങുന്നു. റോഡിലാണെങ്കില്‍ പോട്ടെ. ആകാശത്ത് എവിടുന്നാ ഗട്ടറു? ഇവന്‍ വ്യാജന്‍ തന്നെ"

"ചുമ്മാ ആളെ പേടിപ്പിക്കാതെ ചേട്ടാ. ചാവുന്നതിനു മുന്പ് ഒരു അര മണികൂര്‍ എങ്കിലും ഉറങ്ങിയാല്‍ കൊള്ളാം എന്നുണ്ട്. ഒറക്ക പിചോടെ ചാവാന്‍ വയ്യ"

എന്ന് പറഞ്ഞിട്ട് ഞാന്‍ എതിര്‍ ഭാഗതോട്ടു തല വെച്ച് ഉറങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും ലാന്ടിങ്ങുമായി.

കാവിലമ്മേ, ഇത്രേം പെട്ടെന്ന് ഇങ്ങെത്തിയോ. പത്തു മിനിട്ട് പോലും ഉറങ്ങാന്‍ പറ്റിയില്ലല്ലോ.

"ഭാഗ്യം, നിലം തൊട്ടു" ,
സാമദ്രോഹിടെ ആത്മ ഗതം.

ഇനി ഒരക്ഷരം മിണ്ടിയാല്‍ താന്‍ നിലം തോടും.

"എത്രയ നമ്പര്‍? ഞാന്‍ ഇടയ്ക്കു വിളിക്കാം"

ഹോ. അപ്പൊ ഇത്രേം നേരം കൊന്നത് പോരാഞ്ഞിട്ട് ഇനി ഫോണ്‍ വിളിച്ചു കൊല്ലാന്‍ ഉള്ള പരിപാടിയ.

"എനിക്ക് നമ്പറില്ല"
, എന്നൊരു നമ്പരിട്ടു.

"അതെന്താ?"

"എനിക്ക് മൊബൈല്‍ അല്ലര്‍ജിയ.ചൊറിയും"

"എന്നാ ശെരി, കാണാം"

അത് വേണോ? എന്ന് മനസ്സില്‍ ചോദിച്ചെങ്കിലും ചിരിച്ചോണ്ട് പറഞ്ഞു,

"കാണണം!!!"

നേരെ ഓടി പാര്കിങ്ങില്‍ എത്തി. കാര്‍ ഇന്നലെ എയര്‍പോര്‍ട്ടില്‍ ഇട്ടിട് പോയതാ. അകത്തു കേറിയ ഉടനെ അടുപ്പ് കത്തിച്ചിട്ടു അതിന്റെ പുറത്തു കേറി ഇരുന്ന ഒരു ഫീലിങ്ങ്. പാര്‍കിംഗ് ചാര്‍ജു കൊടുക്കാന്‍ ചെന്നപ്പോ കൌണ്ടറില്‍ ഒരു പെണ്ണ്. സ്വത സിദ്ധമായ ജാഡ പുറത്തെടുത്തു ഞാന്‍ ചോദിച്ചു

"എത്രയായി?"

"870 " , എന്റെ ഉള്ളൊന്നു കാളി.

" ഒരു ദിവസത്തെ പാര്കിങ്ങിനു ആണോ 870 . എണ്ണായിരം ആക്കാഞ്ഞതു എന്ത്. ഇങ്ങനെ പോയാല്‍ പാര്‍ക്ക് ചെയ്ത ആളുകള്ടെ കാശ് കൊണ്ട് നിങ്ങള്‍ പുതിയ ഫ്ലൈറ്റ് മേടിക്കുമല്ലോ"

, അങ്ങനെ ഒരാവശ്യോമില്ലാതെ അഞ്ചാറു ഗോളുകളടിച്ചു പഴ്സ് തുറന്നപ്പോ ഞാന്‍ ഞെട്ടി. കയ്യില്‍ വെറും 800 രൂപ. ദൈവമേ, നാറുമല്ലോ. അതെങ്ങന, കാലത്തെ ഒരു അവലക്ഷണം പിടിച്ചവനെ അല്ലെ കണി കണ്ടത്.

ചമ്മല്‍ ഉള്ളിലൊതുക്കി ഒരു വളിച്ച ചിരി ചുണ്ടില്‍ പേസ്റ്റു ചെയ്തു ഞാന്‍ ചോദിച്ചു,

"ഇവിടെ കാര്‍ഡ് എടുക്കുമോ?"

"ഇല്ല"

"ചെക്ക്?"

"ഇല്ല"

"മാല?"

"ഹ്മം....ഹ്മം..."

"മൊബൈല്‍?"

"അപ്പൊ കാശ് മാത്രമില്ല അല്ലെ?"

പെണ്ണിന്റെ മറു ഗോള്‍. ഈശ്വര, നാറി.പിന്നെ കൂടുതല്‍ കന്നഡ സാഹിത്യം കാലത്തെ കേക്കാന്‍ താല്‍പര്യവും ശക്തിയും ഇല്ലാതിരുന്നത് കൊണ്ട് ഒള്ളത് കൊടുത്തിട്ട് ഞാന്‍ സ്ഥലം വിട്ടു.

രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോ ഫ്ലാറ്റിലെത്തി. റൂം മേറ്റ് മനോജിനെ വിളിച്ചപ്പോ താക്കോല്‍ സെക്യൂരിറ്റിയുടെ കയ്യില്‍ കൊടുതിട്ടൊണ്ട് എന്നവന്‍ പറഞ്ഞു. സന്തോഷമായി. ആരും ശല്യപെടുതാനില്ല. സുഖമായി ഇനി എങ്കിലും ഉറങ്ങാം. താക്കോല്‍ ചോദിച്ചപ്പോ സെക്യൂരിറ്റിയുടെ മുഖത്ത് വെപ്രാളം, വേദന, വിമ്മിഷ്ടം,ടെന്‍ഷന്‍. ഇങ്ങേര്‍ എന്താ രാവിലെ ടോയിലറ്റില്‍ പോയില്ലേ.

"നിന്ന് കഥകളി കളിക്കാതെ താകൊലെട്"

"സര്‍, അത്, ഞാന്‍ ഇവിടെ വെച്ചതാ. ഇപ്പൊ കാണുന്നില്ല"

തൊലഞ്ഞു....ഈശ്വരാ, എന്നെ അങ്ങ് കൊല്ലു, ഞാന്‍ എന്ത് ചെയ്തിട്ടാ ഈ പരീക്ഷണം മുഴുവന്‍. രാത്രിയോ ഉറങ്ങിയില്ല. ഫ്ലൈറ്റില്‍ ഒരു പ്രാന്തനെ കൂടെ ഇരുത്തി. അവനോ ഉറങ്ങാന്‍ സമ്മതിച്ചില്ല. ഫ്ലാറ്റില്‍ വന്നു കിടക്കാം എന്ന് കരുതിയപ്പോ താക്കോലും കാണാനില്ല. റോഡില്‍ കിടന്നോറങ്ങാന്‍ മൂടുമില്ല.

"നിങ്ങള്‍ ശെരിക്കും നോക്ക്. റൂം മേറ്റ്‌ താക്കോല്‍ തന്നതല്ലേ. കളിക്കാതെ താക്കൊലെട്" എന്ന്‍ ഞാന്‍.

സെക്യൂരിട്ടി തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കി എടുത്തു. എന്നിട്ടും താകോല്‍ മാത്രമില്ല. ഒരു രണ്ടു മണികൂര്‍ സെക്യൂരിടി ഡെസ്കില്‍ പോയി. എനിക്കാണേല്‍ പ്രാന്ത് പിടിക്കും എന്നാ അവസ്ഥ. അവസാനം, പണ്ട് ഇത് പോലെ താകോല്‍ വീടിനു അകത്തു വെച്ച് പൂട്ടിയപ്പോള്‍ ഫ്ലാറ്റ് തുറന്ന തന്ന നഗെഷിനെ വിളിക്കാന്‍ ഞാന്‍ തീരുമാനിച്ചു, നാഗേഷ് ആണെങ്കില്‍ ഉച്ചക്ക് ഉണ്ണാന്‍ എവിടെയോ പോയി കിടക്കുന്നു. നേരെ വണ്ടി എടുത്തു അവനെ ചെന്നു പൊക്കി വിളിച്ചോണ്ട് വന്നു. തീവ്രവാദിയെ പിടിക്കാന്‍ പോകുന്ന കമാണ്ടോയെ പോലെ നാഗേഷ് സ്ക്രൂ ഡ്രൈവറും, സ്പാനെരും മറ്റു ചില മാരകായുധങ്ങളും ആയി മുന്‍പില്‍. ഞാന്‍ പുറകെ. പൂട്ട്‌ തല്ലി പൊളിച്ചു അകത്തു കയറാന്‍ ആണ് പരിപാടി. അങ്ങനെ ആണെങ്കില്‍ ഫ്ലാറ്റ് ഓണര്‍ എന്നെ തല്ലികൊല്ലും എന്നുറപ്പ്. ഒന്നാമതെ അങ്ങേരുമായി മാസത്തില്‍ ഒരു അടി പിടി പതിവാ. വാടക കൊടുക്കാതിരുന്നാല്‍ ആരായാലും കലിപ്പുണ്ടാകും. തികച്ചും സ്വാഭാവികം. ഒടുവില്‍ അര മണിക്കൂര്‍ നേരത്തെ ബ്രെയിന്‍സ്റ്റോര്‍മിംഗ് സെഷന് ശേഷം പൂട്ട്‌ പൊളിക്കേണ്ട, പകരം വാതിലിനടുത്തെ ജനല്‍ കുത്തി തുറന്നു ഡോര്‍ തുറക്കാന്‍ ഞാനും, നാഗെഷും സെക്യൂരിട്ട്യും തീരുമാനിച്ചു.

അങ്ങനെ നാഗേഷ് പണി തുടങ്ങി. പതുക്കെ സ്ക്രൂ ഡ്രൈവര്‍ ഒക്കെ ഇട്ടു ജനല്‍ പാളി തുറന്നു അകത്തു കയ്യിട്ടു, വാതില്‍ തുറന്നു.

" വളരെ നന്ദി നാഗേഷേ..."

എന്ന് പറഞ്ഞു അകത്തു കേറിയതും എന്റെ നടുവും പുറത്തു ഒരു ഒന്നൊന്നര അടി വന്നു വീണതും ഒരുമിച്ചു. അടി കൊണ്ട് നിലത്തു വീണ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍, കയ്യില്‍ ഒടിഞ്ഞ കസേരയുടെ കാലുമായി വാതിലിന്റെ പുറകില്‍ കൂടുകാരന്‍ ഷിജിത്.

"കഴുവേര്ട മോനെ നീ എപ്പോ വന്നു കെരിയെടാ" എന്ന് ദയനീയമായി ഞാന്‍ ചോദിച്ചു.

" അപ്പൊ നീ ആരുന്നല്ലെട കള്ളന്‍?"

"നിന്റെ മറ്റവനാടാ കള്ളന്‍!!!"

ഇതെല്ലാം കണ്ടു അന്തം വിട്ടു സെക്യൂരിറ്റിയും നഗെഷും.

"നീ എപ്പോഴാട ഇതിനകത്ത് വന്നു കേറിയത്?"

" ഞാന്‍ കൊറച്ചു മുന്‍പെ വന്നു. താഴെ സെക്യൂരിറ്റിയുടെ കയ്യീന്ന് താകൊലും മേടിച്ചു ഇങ്ങു പോന്നു. ജനല്‍ കുത്തി തുറക്കുന്നത് കണ്ടു കള്ളന്‍ ആണെന്നല്ലേ ഞാന്‍ കരുതിയത്‌",

ഷിജിത് നിസ്സംഗം ആയി മറുപടി പറഞ്ഞു.

ചാടി എണീറ്റ ഞാന്‍ സെക്യൂരിറ്റിയോട് കലിപ്പിച്ചു,

" ഇവന്‍ വന്നു താകോല് മേടിച്ച കാര്യം തനിക്ക് വാ തൊറന്നു പറയാന്‍ മേലാരുന്നോ?"

"സര്‍, അത് താക്കോല്‍ കാണാഞ്ഞ ടെന്‍ഷനില്‍ ഞാന്‍ മറന്നു പോയതാ" , സെക്യൂരിടി കൈ ഒഴിഞ്ഞു.

അങ്ങനെ നടുവും തിരുമ്മി തലയില്‍ കയ്യും വെച്ച് നിന്ന എന്നോട് നഗെഷിന്റെ ചോദ്യം,

"സാറെ, ജനല് കുത്തി പൊളിച്ചതിന്റെ കാശ് കിട്ടിയിരുന്നേല്‍ എനിക്കങ്ങു പോകമാരുന്നു!!!"

"ഭാ...പൊക്കോണം, എന്റെ കണ്മുന്നില്‍ മേലാല്‍ രണ്ടിനേം കണ്ടു പോകരുത്!!!",

എന്നലറി കൊണ്ട് പതുകെ ബെട്രൂമിലെക്ക് നടക്കുമ്പോള്‍, തലയണ മന്ത്രത്തില്‍ അമ്മായി അപ്പന്റെ തലക്കടിച്ചിട്ടു ശ്രീനിവാസന്‍ ചോദിക്കുന്ന പോലെ ഷിജിത്തിന്റെ ചോദ്യം,

"എങ്ങനെ ഉണ്ടാരുന്നു അളിയാ അഹമദാബാദ് ട്രിപ്പ്? "

"പോ, പൂ#@@$$$$ മോനെ".

എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ പതുക്കെ, കട്ടിലിലേക് വീണു.

-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

14 comments:

  1. Excellent Balu!you had maintained the suspence and comedy throughout your blog without breaking its flow.I liked how the story ended.But I dìdnt know that ìt went to that extend that one more chair has gone to waste...ha ha!any wayz keep it up.

    ReplyDelete
  2. അളിയാ, നല്ല അടിയായിരുന്നോ ഷിജിത്തിന്റെ കയ്യീന്ന് കിട്ടിയത്? എന്നാലും നിന്നെ കണ്ടിട്ട് ഷിജിത്തിനു മനസ്സിലായില്ല എന്ന് പറഞ്ഞാല്‍... :D

    ReplyDelete
  3. avan mukham kandilla. kathakinte purakil olichu nikkuvarunnu. aal akathu keriya udane thaangi :-(

    ReplyDelete
  4. Thanks sheeba. Ithu balconyl vechirunna odinja chair ille, athinte kaal aayirunnu. chars and us doesnt go well together. Thanks for reading :-)

    ReplyDelete
  5. kidilan........ nannaayi chirichu......

    ReplyDelete
  6. aliyaaa....sathyathil ninne njan kandirunnu, pinne kittiya chance alley! anganeyenkilum nee nannakum enn njan karuthi... Evidey? Balu alwayz Faaluu!!!

    ReplyDelete
  7. Thulu naattil ninnum kalla payattu padichu vanna kalla baduva, innerangikkonam... ee flatinnu, ee kalarinnu, ee territorinnu...PODAAAAA...... onn podey....

    ReplyDelete
  8. i like d way of ur writtng!!! keep it up macha!
    but hav 2 b a psycho!
    remembr it alwayz!

    shijith!

    ReplyDelete
  9. Thanks dude....yea...hav tht in mind....

    ReplyDelete