മനുഷ്യര്‍ പ്രതികാരം ചെയ്യും. മൃഗങ്ങള്‍ പക വീട്ടും. ആത്മാക്കള്‍ പക വീട്ടും. എന്നാല്‍ ഇത് ഒരു മരം പക വീട്ടിയ കഥ ആണ്. പരമശിവന്റെ പത്നി എന്ന് കരുതപ്പെടുന്ന മഹാ കാളിയുടെ രോഷം ഏറ്റു വാങ്ങിയ, കാളിയുടെ പ്രതികാരാഗ്നിയില്‍ വെന്തു വെണ്ണീര്‍ ആയ ഒരു പിടി ജീവിതങ്ങള്‍.വര്‍ഷങ്ങള്‍ക്കു മുന്പ് സ്വന്തം പറമ്പില്‍ ഭദ്രകാളി കുടി കൊണ്ടിരുന്ന കരിവീട്ടി മരം മുറിച്ച ആളുടെ കുലം തന്നെ മുടിച്ച കരിവീട്ടി മരത്തിന്റെ കഥ. കാളിയുടെ പകയുടെ കഥ. തലമുറകള്‍ പിന്തുടരുന്ന തീരാ ശാപത്തിന്റെ കഥ
തളിപ്പറമ്പ് ത്രുച്ചമ്പലം ക്ഷേത്രത്തില്‍ നിന്ന് നൂറു മീറ്റര്‍ അകലെ ആണ് "പഞ്ചവടി" എന്നാ തറവാട്. ഒരു കാലത്ത് ആ പ്രദേശം മുഴുവന്‍ ഈ വീട്ടുകാരുടെ സ്വത്തായിരുന്നു. കാലക്രമേണ അവര്‍ വിറ്റ സ്ഥലത്താണ് ഇന്ന് ആ പ്രദേശ വാസികള്‍ കഴിയുന്നത്. അത് കൊണ്ട് തന്നെ ആ സ്ഥലവും ഇന്നും പഞ്ചവടി എന്നാണു അറിയപ്പെടുന്നത്. പഞ്ചവടി എന്നാ പുരാതനമായ ആ പടുകൂറ്റന്‍ ബംഗ്ലാവില്‍ ഇപ്പോള്‍ താമസിക്കുന്നത് ദേവിയമ്മ എന്നാ എണ്‍പത് കഴിഞ്ഞ വൃദ്ധയും അവരുടെ വളര്‍ത്തു മകള്‍ ഗീതയും വിജി എന്നാ സഹായിയുമാണ്. ദേവിയമ്മയുടെ സഹോദരന്‍ ഡോക്ടര്‍ ഗോവിന്ദന്‍ നായര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്ത ഒരു പാതകമാണ് തലമുറകള്‍ പിന്നിട്ടിട്ടും വിടാത്ത ശാപമായി ഈ കുടുംബത്തിനെ വേട്ടയാടുന്നത്. ആ കഥ ഇങ്ങനെ
1920 ഇല്‍ വയനാടിനടുത് ബത്തേരിയില്‍ ഗോവിന്ദന്‍ നായര്‍ ഇരുപതു ഏക്കര്‍ തേയിലത്തോട്ടം വാങ്ങി. ആ തോട്ടത്തിന് ഒത്ത നടുവിലായി ഒരു പടുകൂറ്റന്‍ കരിവീട്ടി വൃക്ഷം സ്ഥിതി ചെയ്തിരുന്നു.അര ഏക്കറോളം പടര്‍ന്നു പന്തലിച്ച ആ മരം മുറിച്ചു നീക്കാതെ അവിടെ തേയില കൃഷി നടത്താന്‍ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് തന്നെ ഗോവിന്ദന്‍ നായര്‍ ആ മരം മുറിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അത് തങ്ങളുടെ കുല ദൈവം ആയ ഭദ്രകാളി കുടി കൊള്ളുന്ന വൃക്ഷം ആണെന്നും അത് കൊണ്ട് അത് തങ്ങള്‍ മുറിക്കില്ല എന്നും അവിടുത്തെ ആദിവാസികള്‍ അറിയിച്ചു. അത് മാത്രമല്ല. വൃക്ഷത്തിന്റെ അനുവാദം വാങ്ങാതെ ആ വൃക്ഷം മുറിക്കരുത് എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ദൈവ വിശ്വാസി ആയിരുന്നു എങ്കിലും ഗോവിന്ദന്‍ നായര്‍ ആദിവാസികളുടെ ഈ കാരണങ്ങളെ പുച്ചിച്ചു തള്ളി. മരത്തില്‍ താന്‍ തന്നെ ആദ്യം വെട്ടാം എന്നും, അങ്ങനെ ആകുമ്പോള്‍ ശാപം തന്റെ മേല്‍ മാത്രമേ വീഴുക ഉള്ളു എന്നും പറഞ്ഞു അദ്ദേഹം ആദിവാസികളെ അനുനയിപ്പിച്ചു. അന്നത്തെ കാലത്ത് പഠിപ്പും വിവരവും ഉള്ള ഒരു ഡോക്ടര്‍ പറയുന്നത് അപ്പാടെ തള്ളി കളയാനും കഴിയുമായിരുന്നില്ല ആദിവാസികള്‍ക്ക്. അങ്ങനെ ഡോക്ടര്‍ തന്നെ ആദ്യം അഞ്ചാറു വെട്ടു വെട്ടി. പിന്നീട് ആദിവാസികളെ നിര്‍ബന്ധിച്ചു വെട്ടിപ്പിക്കുകയും ആ മഹാ വൃക്ഷം നിലം പതിക്കുകയും ചെയ്തു. ആ ഒരു പ്രവര്‍ത്തി ആണ് ഡോക്ടറുടെ ജീവിതവും അദ്ദേഹത്തിന്റെ വരും തലമുറയുടെ നാശത്തിനും കാരണമായത്.
മരം മുറിച്ചു കൃത്യം ഏഴാം നാളില്‍ പരിപൂര്‍ണ്ണ ആരോഗ്യവാനായ ഡോക്ടര്‍ ന്യുമോണിയ പിടി പെട്ട് മരിച്ചു. ആ മരണത്തോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റുകയാണ് ഉണ്ടായത്. കാളിയുടെയും കരിവീട്ടിയുടെയും പക അവിടെ തുടങ്ങുന്നതെ ഉണ്ടായിരുന്നോള്ളൂ. തുടര്‍ന്ന് മരണങ്ങളുടെ ഒരു ഖോഷയാത്ര തന്നെ ആയിരുന്നു. പ്രസവിച്ചു കിടന്ന ഡോക്ടറുടെ ഭാര്യ അദ്ദേഹം മരിച്ചു അടുത്ത ഏഴു നാളില്‍ അകാരണമായി മരണമടഞ്ഞു. ആറു മാസത്തിനു ശേഷം അവര്‍ക്ക് ഉണ്ടായ കുട്ടിയും മരണമടഞ്ഞു.ഗോവിന്ദന്‍ നായര്‍ക്കു മൂന്നു മക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ആ തോട്ടവും വസ്തുവും നോക്കി നടത്താനോ നികുതി അടയ്ക്കാനോ സാധിക്കാത്ത അവസ്ഥ വരെ കാര്യങ്ങള്‍ എത്തി. അങ്ങനെ ആ ഭൂമി മിച്ച ഭൂമിയായി സര്‍ക്കാര്‍ കണ്ടു കെട്ടി. അപ്പോഴും ഇതെല്ലാം ആ കരിവീട്ടി മരത്തിന്റെ പക ആണ് എന്ന് ആരും സംശയിച്ചില്ല. പക്ഷെ ആ മരം കൊണ്ട് ഉണ്ടാക്കിയ വസ്തുക്കള്‍ എവിടെ ഒക്കെ ചെന്നുവോ അവിടെ എല്ലാം ദുരന്തങ്ങള്‍ വിരുന്നുകാരായപ്പോള്‍ ആണ് ഇക്കാര്യം ആ വീട്ടുകാര്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
ആ മരത്തിന്റെ ഓരോ ഭാഗങ്ങള്‍ കാസര്‍കോടും കൊയിലാണ്ടിയിലും തളിപ്പരംബിലും ഉള്ള ഡോക്ടറുടെ ബന്ധുക്കള്‍ കട്ടിലിനു വേണ്ടിയും, കസേരയ്ക്കു വേണ്ടിയും കൊണ്ട് പോയിരുന്നു. അവര്‍ക്കും ഗോവിന്ദന്‍ നായരുടെ അതേ ദുര്‍വിധി ഏറ്റു വാങ്ങേണ്ടി വന്നു. കാസര്‍കോട്ടെ ബന്ധുവിന്റെ സുന്ദരിയായ മകള്‍ മരം കൊണ്ട് വന്നു ഒരാഴ്ച തികയാര്‍ ആയപ്പോള്‍ പെട്ടെന്ന് ടായിഫോയിട് പിടിപെട്ടു മരിച്ചു. അതേ പോലെ തന്നെ കൊയിലാണ്ടിയിലെ ബന്ധുവിന്റെ ഭാര്യയും പ്രസവത്തോടെ മരണമടഞ്ഞു . കാസര്‍കോട് വീട്ടിലെ കാരണവര്‍ ആ മരത്തിന്റെ കഷ്ണം സൂക്ഷിച്ചിരുന്നത് അവരുടെ വീടിനു പുറകില്‍ ഉള്ള കുളിമുറിയില്‍ ആയിരുന്നു. ഒരിക്കല്‍ അവിടെ കുളിക്കാന്‍ ചെന്നപ്പോള്‍ മിന്നലടിച്ചത് പോലെ തോന്നുകയും ആ മരത്തിന്റെ മുകളിലേക്ക് ബോധ രഹിതനായി വീഴുകയും ചെയ്തു. പക്ഷെ എന്തോ ഭാഗ്യത്തിന് അയാളില്‍ ജീവന്റെ തുടിപ്പുകള്‍ ബാകി ഉണ്ടായിരുന്നു.
പിന്നീട് അതേ മരത്തിന്റെ തടിയില്‍ തീര്‍ത്ത ഒരു മേശ പഞ്ചവടിയിലെ വീട്ടില്‍ എത്തുക ഉണ്ടായി. മേശ കൊണ്ട് വന്ന അന്ന് അത് തുറന്നു നോക്കിയാ ദെവിയമ്മയുടെ ഭര്‍ത്താവ് കണ്ടത് മേശക്കകത്തു ഫണം വിടര്‍ത്തി ചീറ്റി കൊണ്ട് നില്‍ക്കുന്ന ഒരു കരിമൂര്‍ഖനെ. അതും ഒരു സൂചനയായി വേണം കരുതാന്‍. അങ്ങനെ ഇരിക്കുമ്പോഴാണ് ദെവിയമ്മയുടെ ഭര്‍ത്താവ് അവര്‍ക്ക് കാളിയെ ഉടുപ്പിക്കാര്‍ ഉള്ളത് പോലെ ഒരു ചുവന്ന പട്ടു സാരി സമ്മാനമായി നല്‍കിയത്. എന്നാല്‍ ചരിത്രം അറിയാവുന്ന അവര്‍ അത് നിരസിച്ചു. " എന്നാല്‍ നീ ഇത് എന്റെ മരണത്തിനു ഉടുതേക്ക്" എന്ന് കോപത്തില്‍ പറഞ്ഞ ഭര്‍ത്താവ് അധികം വൈകാതെ മരണമടയുകയും ചെയ്തു. മേശയോടൊപ്പം തന്നെ പഞ്ചവടിയില്‍ ഇതേ തടിയില്‍ തീര്‍ത്ത ഒരു കട്ടില്‍ കൂടി ഉണ്ട്. ആ കുടുംബത്തിലെ ആരെങ്കിലും അല്ലാതെ വേറെ ആരെങ്കിലും അതില്‍ കിടന്നാല്‍ കട്ടില്‍ അവരെ മറിച്ചിടുന്നു. ഉറങ്ങുന്നത് കട്ടിലില്‍ ആണെങ്കിലും ഉണരുന്നത് തറയില്‍ ആയിരിക്കും. ദെവിയമ്മയുടെ വളര്‍ത്തു മകള്‍ക്ക് പോലും ആ കട്ടിലില്‍ പ്രവേശനമില്ല. ആ വീടിന്റെ ഒരു ഭാഗത്ത് വാടകയ്ക്ക് ആളുകള്‍ താമസിക്കുകയും രാത്രി കാലങ്ങളില്‍ ആ വീടിന്റെ പരിസരത്ത് നിന്ന് അദ്രിശ്യമായ ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യാറുണ്ട് എന്നവര്‍ സാക്ഷ്യപെടുത്തുന്നു.വാടകക്കാര്‍ താമസിച്ചിരുന്ന വീട്ടിലെ ഒരു മേശ ഒരു രാത്രിയില്‍ പൊടുന്നനെ തീ പിടിക്കുകയും കൂടി ആയപ്പോള്‍ ഇത് കാളിയുടെ കളി ആണെന്ന് മനസ്സിലാകി അവര്‍ താമസം മാറുകയായിരുന്നു. പിന്നീട് ഈ കഥകള്‍ എല്ലാം ലോകം അറിഞ്ഞപ്പോള്‍ നാനാ ദേശത്ത് നിന്നും ആശാരിമാര്‍ എത്തുകയും ആ തടി പരിശോധിക്കുകയും അത് തൊട്ടു വണങ്ങി പോകുകയും ആണ് ഉണ്ടായത്.
എന്നാല്‍ ഇതൊക്കെ വെറും തോന്നല്‍ മാത്രമാണ് എന്ന് അവകാശപെടുന്ന സൈക്യാത്രിസ്ട്ടുകളും ഉണ്ട്. അപ്പോള്‍ ഒന്നിന് പുറകെ മറ്റൊന്നായി ഈ മരത്തിന്റെ ഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ സംഭവിക്കുന്ന മരണമോ എന്ന് ചോദിക്കുമ്പോള്‍ അവര്‍ക്ക് ഉത്തരമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോവിന്ദന്‍ നായര്‍ ആ കരിവീട്ടി മുറിക്കുന്നതിനു മുന്പ് ആ വൃക്ഷതിനോട് അനുവാദം വാങ്ങി ഇരുന്നുവെങ്കില്‍ ഈ ദുരന്തം എല്ലാം ഒഴിവായേനെ എന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഒരു മരം മുറിക്കുന്നതിനു മുന്പ് ആ മരത്തിനു പൂജ നടത്തി അനുവാദം വാങ്ങുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്. പണ്ട് കാലത്ത് ആദിവാസികള്‍ ദൈവത്തെ പോലെ പൂജിച്ച മരത്തിനെ ഇല്ലാതാകിയപ്പോള്‍ തകര്‍ന്നത് അവരുടെ വിശ്വാസമാണ്. അന്ന് ആ മരത്തില്‍ ഭദ്ര കാളി കുടി ഇരുന്നിട്ടുണ്ടാവാം. തന്നെ വിശ്വസിച്ച ഒരു ജനതയുടെ വിശ്വാസം തകര്‍ത്തതിന്റെ പരിണിത ഫലമാവാം ആ കുടുംബം ഇന്നും അനുഭവിക്കുന്നത്. ഒരു കല്ലെടുത്ത് വച്ച് അതില്‍ ദൈവം ഉണ്ട് എന്ന് അടിയുറച്ചു വിശ്വസിച്ചു പൂജകള്‍ നടത്തിയാല്‍ കാലക്രമേണ ആ കല്ലിനു ഒരു പോസിറ്റിവ് എനര്‍ജിയും ദൈവീക ശക്തിയും ലഭിക്കുന്നു. ഇത് ശാസ്ത്രീയമായി തെളിയിച്ചതുമാണ്. പൂജകള്‍ ചെയ്യുന്ന വ്യക്തികളുടെ വിശ്വാസം ആണ് ആ നിര്‍ജീവ വസ്തുവിന് ജീവന്‍ നല്‍കുന്നത്. അങ്ങനെ ഉള്ളപ്പോള്‍ ഒരു ജനതയുടെ മുഴുവന്‍ ആധാരമായ വിശ്വാസം തല്ലിക്കെടുതുന്നതിനു മുന്പ് നാം ഒരു നിമിഷം ചിന്തിക്കേണ്ടി ഇരിക്കുന്നു. ഇതൊക്കെ അന്ധ വിശ്വാസം ആണെന്ന് കരുതി നിങ്ങള്ക്ക് തള്ളി കളയാം. എന്നാല്‍ ഈശ്വരനില്‍ അന്ധമായ വിശ്വാസം ഉള്ളവര്‍ക്ക് ഇത്തരം കഥകള്‍ തങ്ങളുടെ ഭക്തിയും വിശ്വാസവും ഊട്ടി ഉറപ്പിക്കുന്ന അനുഭവ സാക്ഷ്യം മാത്രം
-ജി. ശരത് മേനോന്‍
***************************************************
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR
This comment has been removed by a blog administrator.
ReplyDelete