അങ്ങനെ ഇരിക്കുമ്പോൾ ചിലപ്പോഴൊക്കെ ചിന്തകൾ കാട് കയറാറുണ്ട് . ഓഫീസിൽ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ ഇടയ്ക്കൊക്കെ പഴയ കാര്യങ്ങൾ ഓര്ത്ത് ചിരിക്കാറുണ്ട് . ഇന്നലത്തെ എന്റെ ഈ ഫ്ലാഷ്ബാക്ക് ചിന്തകൾ എന്നെ പൊക്കിക്കൊണ്ട് പോയത് പഴയ എൻ എസ് എസ് സ്കൂളിന്റെ പത്താം ക്ലാസ്സിലെക്കായിരുന്നു. പഠിത്തത്തിൽ ഒഴിച്ച് ബാക്കി എല്ലാത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു നടന്ന കാലം. പണ്ടെങ്ങോ ശിപായി ലഹളയിൽ യുദ്ധം ചെയ്തു വടി ആയവരുടെ കഥകളെക്കാലും ഭൂമിയുടെ അടിയിൽ ഉള്ള കോറിന്റെ കട്ടിയെക്കുരിച്ചും സൌരയൂഥത്തിൽ ഒരു പണിയുമില്ലാതെ കറങ്ങി നടക്കുന്ന ഗ്രഹങ്ങളെ കുറിച്ചും ഒന്നും വേവലാതിപ്പെടാതെ അടുത്തുള്ള അഭിനയ തീയേറ്ററിൽ അടുത്ത ആഴ്ച നരസിംഹം റിലീസ് ആകുമോ, ടിക്കറ്റ് കിട്ടുമോ, എത്ര മണിക്ക് ക്ലാസ് കട്ട് ചെയ്തു തീയേറ്ററിന്റെ മുൻപിൽ എത്തണം എന്ന് മാത്രം ചിന്തിച്ചു ടെൻഷൻ അടിച്ചിരുന്ന ഒരു കൂട്ടം പാവം വിദ്യാർഥികൾ. ടെസ്റ്റ് പേപ്പറുകളും പരീക്ഷകളും പാഞ്ഞടുക്കുന്ന പാണ്ടി ലോറി പോലെ മുന്നിൽ എത്തുമ്പോൾ മാത്രം "ലേബർ ഇന്ത്യക്കും സക്സസ് ലൈനിനും" വേണ്ടി പരക്കം പാഞ്ഞ ഒരു പറ്റം പാവം കുട്ടികൾ. ഈ പാവം കുട്ടികളെ രാഹുൽ ഗാന്ധിയെ കൈയ്യിൽ ഒത്തു കിട്ടിയ അർനാബിനെ പോലെ ശരിയുത്തരം ഒരിക്കലും കിട്ടില്ല എന്ന തികഞ്ഞ ബോധ്യം ഉണ്ടായിരുന്നിട്ടും വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചു വീർപ്പു മുട്ടിച്ച ചില അധ്യാപകർ . അല്ല അവര്ക്കും എന്തെങ്കിലും ഒരു എന്റ്റ്റർട്ടെയിന്മെന്റ് വേണമല്ലോ. പക്ഷെ പ്രിയപ്പെട്ട അദ്ധ്യാപകരെ , അന്ന് നിങ്ങൾ ചോദ്യം ചോദിച്ചു എണീപ്പിച്ചു നിർത്തി ചൂരൽ വടി കൊണ്ട് തായമ്പകയും പഞ്ചാരിയും ശിങ്കാരിയും കൊട്ടിക്കയറിയപ്പോൾ ഞങ്ങൾ കരയാതിരുന്നത് തെറ്റ് മനസ്സിലാക്കിയിട്ടോ വേദന എടുക്കാഞ്ഞത് കൊണ്ടോ അല്ല, ക്ലാസ്സിലെ പെണ്പിള്ളെ രുടെ മുന്നില് അവശേഷിക്കുന്ന മാനം എങ്കിലും നഷ്ടപെടുത്താതിരിക്കാൻ വേണ്ടി മാത്രമായിരുന്നു.