Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: മിസ്റ്ററി - ഒരു മസ്തിഷ്ക പ്രക്ഷാളനം

Friday, March 7, 2014

മിസ്റ്ററി - ഒരു മസ്തിഷ്ക പ്രക്ഷാളനം

അങ്ങനെ ഇരിക്കുമ്പോൾ ചിലപ്പോഴൊക്കെ ചിന്തകൾ  കാട് കയറാറുണ്ട് . ഓഫീസിൽ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ ഇടയ്ക്കൊക്കെ പഴയ കാര്യങ്ങൾ ഓര്ത്ത് ചിരിക്കാറുണ്ട് . ഇന്നലത്തെ എന്റെ ഈ ഫ്ലാഷ്ബാക്ക് ചിന്തകൾ  എന്നെ പൊക്കിക്കൊണ്ട് പോയത് പഴയ എൻ എസ്  എസ്  സ്കൂളിന്റെ പത്താം ക്ലാസ്സിലെക്കായിരുന്നു. പഠിത്തത്തിൽ ഒഴിച്ച് ബാക്കി എല്ലാത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു  നടന്ന കാലം. പണ്ടെങ്ങോ ശിപായി ലഹളയിൽ യുദ്ധം ചെയ്തു വടി ആയവരുടെ കഥകളെക്കാലും ഭൂമിയുടെ അടിയിൽ ഉള്ള കോറിന്റെ കട്ടിയെക്കുരിച്ചും സൌരയൂഥത്തിൽ ഒരു പണിയുമില്ലാതെ കറങ്ങി നടക്കുന്ന ഗ്രഹങ്ങളെ കുറിച്ചും ഒന്നും വേവലാതിപ്പെടാതെ അടുത്തുള്ള അഭിനയ തീയേറ്ററിൽ അടുത്ത ആഴ്ച നരസിംഹം റിലീസ് ആകുമോ, ടിക്കറ്റ് കിട്ടുമോ, എത്ര മണിക്ക് ക്ലാസ് കട്ട് ചെയ്തു തീയേറ്ററിന്റെ മുൻപിൽ എത്തണം എന്ന് മാത്രം ചിന്തിച്ചു ടെൻഷൻ അടിച്ചിരുന്ന ഒരു കൂട്ടം പാവം വിദ്യാർഥികൾ. ടെസ്റ്റ്‌ പേപ്പറുകളും പരീക്ഷകളും പാഞ്ഞടുക്കുന്ന പാണ്ടി ലോറി പോലെ മുന്നിൽ  എത്തുമ്പോൾ മാത്രം "ലേബർ ഇന്ത്യക്കും സക്സസ് ലൈനിനും" വേണ്ടി പരക്കം പാഞ്ഞ ഒരു പറ്റം  പാവം കുട്ടികൾ. ഈ പാവം കുട്ടികളെ രാഹുൽ ഗാന്ധിയെ കൈയ്യിൽ  ഒത്തു കിട്ടിയ അർനാബിനെ  പോലെ ശരിയുത്തരം ഒരിക്കലും കിട്ടില്ല എന്ന തികഞ്ഞ ബോധ്യം ഉണ്ടായിരുന്നിട്ടും  വീണ്ടും വീണ്ടും ചോദ്യങ്ങൾ  ചോദിച്ചു വീർപ്പു  മുട്ടിച്ച ചില അധ്യാപകർ . അല്ല അവര്ക്കും എന്തെങ്കിലും ഒരു എന്റ്റ്റർട്ടെയിന്മെന്റ് വേണമല്ലോ. പക്ഷെ പ്രിയപ്പെട്ട അദ്ധ്യാപകരെ ,  അന്ന് നിങ്ങൾ ചോദ്യം ചോദിച്ചു എണീപ്പിച്ചു നിർത്തി  ചൂരൽ  വടി കൊണ്ട് തായമ്പകയും പഞ്ചാരിയും ശിങ്കാരിയും  കൊട്ടിക്കയറിയപ്പോൾ  ഞങ്ങൾ കരയാതിരുന്നത് തെറ്റ് മനസ്സിലാക്കിയിട്ടോ വേദന എടുക്കാഞ്ഞത് കൊണ്ടോ അല്ല, ക്ലാസ്സിലെ പെണ്പിള്ളെ രുടെ  മുന്നില് അവശേഷിക്കുന്ന മാനം എങ്കിലും നഷ്ടപെടുത്താതിരിക്കാൻ വേണ്ടി മാത്രമായിരുന്നു.


എങ്കിലും പത്രക്കാര്ക് സരിത എന്നാ പോലെ ഞങ്ങൾക്ക്  വളരെ പ്രിയപ്പെട്ട ഒരു സാർ ഉണ്ടായിരുന്നു ശിവശങ്കരപ്പിള്ള സാർ. സൌമ്യശീലൻ , മുഖത്ത് എപ്പോഴും  നിറഞ്ഞ പുഞ്ചിരി, ശബ്ദം പോലും പുറത്ത് കേള്ക്കില്ല. ക്ലാസ്സിൽ വരുമ്പോൾ എന്നും വടി കൊണ്ട് വരുമെങ്കിലും ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല. അഥവാ ഗതികെട്ട് ചില കുരുത്തം കെട്ടവന്മാർക്കു ഒന്ന് പൊട്ടിക്കാമെന്നു കരുതി എണീപ്പിച്ചു നിർത്തി  കൈ നീട്ടാൻ പറയുമ്പോ അവർ ഒന്ന് ചിരിച്ചു  കാണിച്ചാൽ മതി, സാറിന്റെ മനസ്സലിയും. പരീക്ഷാ ഹാളിൽ അവരവരുടെ ക്ലാസ്സിൽ ശങ്കരപ്പിള്ള സാർ വരാൻ വേണ്ടി കുട്ടികൾ മനസ്സുരുകി പ്രാര്തിച്ചു. അര്ച്ചനയും പാല്പായസവും വരെ ഭഗവാനു ഓഫർ ചെയ്തു. ക്രിസ്ത്യാനികൾ പള്ളിയിൽ  എക്സ്ട്രാ മെഴുകുതിരികൾ കത്തിച്ചു. കാരണം സാർ ആണ് ക്ലാസ്സിൽ എങ്കിൽ മനസമാധാനത്തോടെ യാതൊരു ഭയവുമില്ലാതെ കോപ്പിയടിക്കാം. ഭൂമി കുലുങ്ങിയാലും ആകാശം ഇടിഞ്ഞു വീണാലും അദ്ദേഹം കസേര വിട്ടു  എണീക്കില്ല. എന്നാൽ അതേ സമയം തന്നെ ഞങ്ങൾ ഉടായിപ്പ് പിള്ളേരുടെ പേടി സ്വപ്നം ആയിരുന്ന ഒരു ടീച്ചര് ഉണ്ടായിരുന്നു. ലതടീച്ചർ . ഞങ്ങളുടെ സ്കൂളിൽ പരീക്ഷ സമയത്ത് ഏറ്റവും കൂടുതൽ തുണ്ട് ((കോപ്പിയടിക്കാൻ കൊണ്ട് പോകുന്ന കുഞ്ഞൻ പേപ്പറിന്റെ ബയോളജിക്കൽ നാമമാണ്  "തുണ്ട്")) പിടിച്ചെടുത്ത റെക്കോഡ് സ്വന്തം പേരിലുള്ള ടീച്ചര്. 

ഒരിക്കൽ പരീക്ഷാ ഹാളിൽ നിന്ന് ഓസ്കാർ പോയ ലിയണാര്ടോയെ പോലെ ഇറങ്ങി വന്ന അരുണിനോട് ഞാൻ ചോദിച്ചു

"എന്ത് പറ്റിയെടാ?  എങ്ങനെ ഉണ്ടാരുന്നു പരീക്ഷ?"
"പൊട്ടും. ഷുവർ!"
"അതെന്താ? നിന്റെ കയ്യിൽ  തുണ്ടില്ലാരുന്നോ?"
"തുണ്ടോക്കെ ഒന്ടാരുന്നു. എഴുതിക്കൊണ്ട് പോയതൊക്കെ വരുകേം ചെയ്തു. പക്ഷെ ലതയായി പോയി!!!"

പരീക്ഷയിൽ പൊട്ടുന്നതും പൊട്ടി തകരുന്നതും ഒന്നും ഞങ്ങൾക്ക്  പുത്തരിയായിരുന്നില്ല. പക്ഷെ കൂട്ടത്തിൽ ഒള്ള ഒരുത്തൻ  മാർക്ക്  കൂടുതൽ മേടിച്ചാൽ അവന്റെ മോന്തയ്ക്കും  .മാർക്ക്  വീഴും.

അങ്ങനെ ഒരു വിധത്തിൽ ഉന്തിയും തള്ളിയും നീങ്ങുമ്പോഴാണ് ഈ പോസ്റ്റിനു ആസ്പദമായ സംഭവം നടന്നത്. ഒരു ദിവസം ക്ലാസ്സിൽ എത്തിയ ഇന്ഗ്ലീഷ് പഠിപ്പിക്കുന്ന ശാന്ത ടീച്ചർ അധികം ആമുഖങ്ങൾ ഇല്ലാതെ നേരിട്ടു കാര്യത്തിലേക്ക് കടന്നു.

"ഇന്നലെ പഠിപ്പിച്ച ഇന്ഗ്ലീഷ്  കവിതയിലെ വാക്കുകളും അർത്ഥങ്ങളും  അറിയാത്തവർ എഴുന്നേൽക്ക്".

പ്രതീക്ഷിച്ച പോലെ തന്നെ ആരും എഴുന്നേറ്റില്ല. അല്ലേലും യുദ്ധം തുടങ്ങുന്നതിനു സറണ്ടർ ചെയ്യാൻ പഴശിക്കാവില്ലല്ലോ.

"എന്നാ പിന്നെ ചോദ്യം ചോദിച്ചേക്കാം. ഞാൻ ചോദിക്കുന്ന വാക്കിന്റെ അർഥം  പറഞ്ഞില്ലെങ്കിൽ  എല്ലാത്തിന്റെം കൈ വെള്ള ഇന്ന് പൊട്ടിക്കും "

ആദ്യമേ തന്നെ പ്രതിയോഗിയുടെ മാനസിക നില തകര്ത്ത് അടിയറവു പറയിക്കാനുള്ള ശ്രമം. സൈക്കോളജിക്കൽ മൂവ്!!! ആ സൈക്കോളജിക്കൽ മൂവിൽ അരുണും ദീപുവും പ്രശാന്തും ഒക്കെ  വിരണ്ടു. ഇനി ഊഴം വന്നാൽ  മാത്രം മതി.

മൊട്ടു സൂചി നിലത്തു വീണാൽ ഡിജിറ്റൽ ഡോള്ബി സൌണ്ടിൽ കേൾക്കാവുന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് ശാന്ത ടീച്ചര് ബാണാസ്ത്രം  ഇറക്കി.

"മിസ്റ്ററി !!! ഈ വാക്കിന്റെ അര്ത്ഥം  എന്താ?"

പെട്ടു. അല്ലറ ചില്ലറ വാക്കൊന്നുമല്ല. മിസ്റ്ററി  എന്നൊക്കെ കേട്ടിട്ടു എന്തോ പച്ച തെറി പോലുണ്ട്. ഇന്ന് കൈ വെള്ള ക്രിക്കറ്റ് ക്രീസാകും മോനെ. തൊട്ടപ്പുറത്ത് ഇരിക്കുന്ന ബൂട്ട് എന്ന് വിളിപ്പേരുള്ള രാഹുലിനെ ഞാൻ ഒന്ന്  പാളി നോക്കി. പാവം, കുനിഞ്ഞു ഇരുന്നു പ്രാര്തിക്കുവാ. അവന്റെ ഊഴം എത്തുന്നതിനു മുന്പ് മിസ്റ്ററിക് അർഥം കിട്ടാൻ.

"മിസ്റ്ററിയുടെ അർഥം അറിയാത്തവർ എണീറ്റ്‌ നിലക്ക്"

ശാന്ത ടീച്ചറിന്റെ മറ്റൊരു സൈക്കോളജിക്കൽ മൂവ്. കുറ്റ  സമ്മതം നടത്തുന്നവരെ  മാപ്പ് സാക്ഷി ആക്കാം എന്ന് പറഞ്ഞു വ്യാമോഹിപ്പിച്ചു എണീപ്പിച്ചു നിർത്തി  ആദ്യമേ തന്നെ തല്ലാൻ ഉള്ള പ്ലാനാ. ഈ അടവ് ഞാൻ കമ്മീഷണറിൽ കണ്ടതാ ടീച്ചറെ. നോക്കുമ്പോ ഓരോരുതന്മാരായി പതിയെ പതിയെ എണീക്കുന്നു. ക്ലാസ്സിലെ ഇരുപത്തി മൂന്നു ആണുങ്ങളിൽ ഇരുപത്തി ഒന്നെണ്ണവും എണിറ്റു . ഞാൻ നോക്കിയപ്പോ ഉടായിപ്പ് ടീമിന്റെ പ്രസിഡന്റ്റ്  പ്രശാന്തും സെക്രട്ടറി അരുണും തരികിട ദീപുവും അങ്ങനെ ഞങ്ങടെ ടീമിൽ ഉള്ള എല്ലാവരും എണീറ്റു .

ചതിയന്മാരെ!!! നീ ഒക്കെ എന്നാടാ സത്യസന്ധന്മാരായത് ?
അതിശയമെന്നു പറയട്ടെ പെണ്‍പിള്ളേരുടെ സൈഡിൽ ഒറ്റ ഒരെണ്ണം പോലും എണീറ്റിട്ടില്ല. ഇവളുമ്മാർക്ക്  ഒക്കെ ഇതിനും മാത്രം മിസ്റ്ററിയോ?  ആന്പില്ലെരുടെ സൈഡിൽ ഞാനും ബൂട്ടും മാത്രം അർഥം അറിയാം എന്ന രീതിയിൽ ബെഞ്ചിൽ തന്നെ ഇരിപ്പുണ്ട്.

" ഡേയ് ബൂട്ടെ ? എന്തോന്നെടാ ഇത്. നിനക്ക് ശരിക്കും അർഥം അറിയാമോ?"
"ആരുമില്ലാത്തവർക്ക് ദൈവം  തുണ ഉണ്ടെടാ ഏതെങ്കിലുമൊരു രൂപത്തിൽ!!!"

അവന്റെ ആ മറുപടി കേട്ടു എന്റെ കണ്ണ് നിറഞ്ഞു പോയി. അതെങ്ങനാ , മലയാളം പോലും നേരെ ചൊവ്വേ അറിയാത്തവനിൽ നിന്നും ഈ കടുകട്ടി ഇന്ഗ്ലീഷ്  വാക്കിന്റെ അർഥം ഞാൻ പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു. എന്റെ തെറ്റ്.  മലയാളം ക്ലാസിൽ പുകയുടെ പര്യായം ധൂമം, ധൂളി എന്ന് പഠിപ്പിച്ചപ്പോ

" "പുക"യോ , അതെന്തുവാ?" എന്ന് ചോദിച്ചവനാ
"എടാ പൊഗ....!"
"വോ ...മനസ്സിലായി. പൊഹ!!!" , ആ ടീമാ ഇപ്പൊ മിസ്റ്ററി ഒണ്ടാക്കാൻ പോണത്.

ഒടുവിൽ  ആ ഭയപ്പെട്ട നിമിഷം വന്നെത്തി. ശാന്ത ടീച്ചര് രാഹുലിനെ പൊക്കി. അവൻ അന്തസ്സായി എണിറ്റു  മാനം നോക്കി നിന്നു . ടീച്ചര് വടിയുമായി ഞങ്ങളുടെ അടുത്തെത്തി. ബൂട്ടിനെ തറപ്പിച്ചു നോക്കി, വടിയുടെ അറ്റത്തെ റബ്ബർ ബാന്ഡ്  മുറുക്കി കൊണ്ട് ചോദിച്ചു

"എന്താടോ നേരത്തെ എണീക്കാഞ്ഞത് ?"
"ഞാൻ എണീക്കാൻ തുടങ്ങുവാരുന്നു. അപ്പോഴേക്കും ടീച്ചര് പേര് വിളിച്ചു"

എടാ ഭീകരാ, ഇപ്പൊ വാദി പ്രതി ആയോ. അടുതത്ത് എന്നെ പൊക്കി. നെഞ്ചിടിപ്പോടെ ഞാൻ സ്ലോ മോഷനിൽ എഴുന്നേറ്റു.

"ആ പറ.... മിസ്റ്ററി . അർഥം എന്താ?"
"അത്... അത്..... ടീച്ചര്...."
"പറയടോ നിന്ന് കളിക്കാതെ!!!" , ടീച്ചര് പതുക്കെ തിളച്ച്   തുടങ്ങി. പിന്നെ ഞാൻ ഒന്നും നോക്കിയില്ല.

"മിസ്ട്ടരിയുടെ അർഥം മസ്തിഷ്ക പ്രക്ഷാളനം എന്നാ!!!"

അത് കേട്ടതും ടീച്ചര് ഒന്ന്  ഞെട്ടി. ബൂട്ട് ഞെട്ടി. അരുണും പ്രശാന്തും ഞെട്ടി. പറഞ്ഞത് തെറിയാണോ എന്നറിയാതെ ഞാനും ഒന്ന് ഞെട്ടി. പെന്പില്ലെരുടെ ഭാഗത്ത് പൂര്ണ നിശബ്ദത. ഞാൻ പറഞ്ഞത് ശരിയാണോ എന്നറിയാൻ ക്ലാസ്സിലെ  ഒന്നാം  റാങ്ക്കാരി  സുചിത്ര പുസ്തകം മറിച്ചു നോക്കി. ചില പെണ്‍പില്ലെരുടെ കണ്ണുകളിൽ ആരാധന കലര്ന്ന  നോട്ടം!!! ശാന്ത ടീച്ചറിന്റെ കണ്ണിൽ  ജിജ്ഞാസ!!! എന്റെ ഉള്ളിൽ തൃശൂര് പൂരത്തിന്റെ വെടിക്കെട്ട്‌!!!

"എന്തോന്നാ താൻ പറഞ്ഞത്" , ടീച്ചര് ഒരിക്കൽ കേട്ടത് പോര എന്ന് തോന്നിയിട്ടാകും പിന്നേം വണ്‍സ്  മോർ  പറയുന്നത്.

"മസ്തി ....മസ്ഥിത്ക്ഷ... മസ്തിഷ ....മ.... മ..!!!!" , എന്റെ വെടി  തീർന്നു .

കൂടുതൽ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ ശാന്ത ടീച്ചര് ചൂരൽ  വടി കൊണ്ട് തന്നെ എന്റെ കൈ നീട്ടാൻ ആംഗ്യം  കാണിച്ചു.  മടിച്ചു മടിച്ചു ഞാൻ കൈ നീട്ടിയതും പീര്യഡ്  തീർന്ന  ബെല്ലടിച്ചതും ഒരുമിച്ച്!!!

 ഹോ!!! എന്റെ ശ്വാസം നേരെ വീണു. ടെക്നിക്കലി പീര്യട്  തീർന്നാൽ പിന്നെ അടിക്കേണ്ട കാര്യമില്ല. എന്തായാലും നീട്ടിയതല്ലേ ഇതിരിക്കട്ടെ എന്ന് പറഞ്ഞു വേണമെങ്കിൽ പബ്ലിക് ഇന്ട്ടറസ്റ്റ് കണക്കിൽ  എടുത്തു ടീച്ചറിന് സ്വമേധെയാ തല്ലാം. പക്ഷെ ടീച്ചര് ഡീസന്റ് ആയതു കൊണ്ട് അത് ചെയ്യാതെ ക്ലാസ്സീന്നു പോയി.

ടീച്ചര് പോയി കഴിഞ്ഞു ബൂട്ട് അടുത്ത് വന്നു രഹസ്യമായി ചോദിച്ചു

"അല്ലളിയാ , എന്തോന്നാ ഈ മസ്തിഷ്ക പ്രക്ഷാളനം"
"ആ.... ആര്ക്കറിയാം. ഇന്നലെ കണ്ട ലാലേട്ടന്റെ "ഗുരു" സിനിമയിൽ ശ്രീനിവാസൻ  സുരേഷ് ഗോപിയോട് പറയുന്നതാ"
"അപ്പൊ???"
"ഡാ ബൂട്ടെ .... ഒരു കാര്യം നീ മനസ്സിലാക്കണം. ആരുമില്ലാത്തവർക്ക് ദൈവം  തുണയുണ്ട്. ഏതെങ്കിലുമൊരു രൂപത്തിൽ. ഇന്ന് ദൈവം വന്നത് പ്യൂണ്‍ കുമാരൻ ചേട്ടന്റെ രൂപത്തിലാ!!!"

പിന്നീട് "മിസ്റ്ററി"യുടെ അർഥം "രഹസ്യം" എന്നാണു എന്ന് മനസ്സിലായെങ്കിലും "മസ്തിഷ്ക പ്രക്ഷാളന"ത്ത്തിന്റെ അർഥം ഇന്നും ഒരു "മിസ്റ്ററി " ആണ്.


ഒന്നിങ്ങ്  നോക്ക്യേ  - അവസാന വരി ഞാൻ അല്പം  ആലങ്കാരികമായി പറഞ്ഞെന്നെ ഒള്ളു. മസ്തിഷ്ക പ്രക്ഷാളനം എന്ന് വെച്ചാൽ ബ്രെയിൻ വാഷിംഗ് ആണെന്ന് എനിക്കറിയാം!!!


-ശരത് മേനോന്‍


****************************************************

Creative Commons License

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

11 comments:

 1. അങ്ങനെ സാങ്കേതികമായി അടിവീഴാതെ രക്ഷപെട്ടു. ഇനിയും ‘മിസ്റ്ററി’കൾ വല്ലതുമുണ്ടോ ?

  ReplyDelete
  Replies
  1. മിസ്ട്ടരികളെ ഒള്ളൂ

   Delete
 2. ഹഹ
  മിസ്റ്ററിയ്ക്ക് ഇങ്ങനെ ഒരു അര്‍ത്ഥം ഉണ്ടായിരുന്നു അല്ലേ

  ReplyDelete
  Replies
  1. അതെ. പുതിയ നിഖണ്ടുവിൽ ചിലപ്പോ കാണില്ല. പഴയതിൽ കാണും

   Delete
 3. അന്നത്തെ ആ അരുണിനെ ഇംഗ്ലീഷ്
  അർത്ഥങ്ങൾ ചൊല്ലിക്കൊടുത്തത് ശരത്തായിരുന്നോ...?
  അല്ലാ പുള്ളി ലണ്ടനിൽ വന്നിട്ടും ഇപ്പോഴും ശരത്തിന്റെ അന്നത്തെ
  ബ്രെയിൻ വാഷിൽ പെട്ടുഴലുകയാണ് കേട്ടൊ

  ReplyDelete
 4. Earn from Ur Website or Blog thr PayOffers.in!

  Hello,

  Nice to e-meet you. A very warm greetings from PayOffers Publisher Team.

  I am Sanaya Publisher Development Manager @ PayOffers Publisher Team.

  I would like to introduce you and invite you to our platform, PayOffers.in which is one of the fastest growing Indian Publisher Network.

  If you're looking for an excellent way to convert your Website / Blog visitors into revenue-generating customers, join the PayOffers.in Publisher Network today!


  Why to join in PayOffers.in Indian Publisher Network?

  * Highest payout Indian Lead, Sale, CPA, CPS, CPI Offers.
  * Only Publisher Network pays Weekly to Publishers.
  * Weekly payments trough Direct Bank Deposit,Paypal.com & Checks.
  * Referral payouts.
  * Best chance to make extra money from your website.

  Join PayOffers.in and earn extra money from your Website / Blog

  http://www.payoffers.in/affiliate_regi.aspx

  If you have any questions in your mind please let us know and you can connect us on the mentioned email ID info@payoffers.in

  I’m looking forward to helping you generate record-breaking profits!

  Thanks for your time, hope to hear from you soon,
  The team at PayOffers.in

  ReplyDelete
 5. ശരത്...,
  ഹ്യുമർ കാറ്റഗറിയിൽ പെട്ട എല്ലാ പോസ്റ്റുകളും വായിച്ചു, വളരെ നന്നായിട്ടുണ്ട് അവതരണം. ഒരു ചെറിയ സംഭവം പോലും ഇത്ര നർമ്മം കലർത്തി പറയാൻ എങ്ങനെ കഴിയുന്നു. ഒരു വരി പോലുമില്ല നർമ്മത്തിൽ പോതിയാത്തതായി, വളരെയധികം ഇഷ്ടപ്പെട്ടു.

  ReplyDelete