Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: മലയാളത്തിലെ ക്ലാസിക്കുകൾ – 1 – യക്ഷി

Monday, August 10, 2015

മലയാളത്തിലെ ക്ലാസിക്കുകൾ – 1 – യക്ഷി

കുറച്ച് അധികം നാളുകളായി എന്തെങ്കിലും ഒക്കെ ഒന്നെഴുതിയിട്ട് . ആശയ ദാരിദ്ര്യം കൊണ്ടല്ല ആത്മാർഥമായ മടിയും സമയക്കുറവും കൊണ്ട് മാത്രമാണ്. തുടർച്ചയായി  എല്ലാ മാസവും എന്തെങ്കിലും ഒന്ന് നിർബന്ധമായും  എഴുതണം എന്ന തീരുമാനത്തിൽ നിന്നാണ് ഒരു  സീരീസ് തുടങ്ങാം എന്നാലോചിക്കുന്നത്. ഒരു തികഞ്ഞ സിനിമാ പ്രേമി ആയതു കൊണ്ടും മലയാളത്തിലെ ഒട്ടു മിക്ക സിനിമകളും കുത്തി ഇരുന്നു കണ്ടിട്ടുള്ള വ്യക്തി എന്ന നിലയ്ക്കും മലയാളത്തിലെ മനോഹരങ്ങളായ സിനിമകളെ കുറിച്ച് എഴുതാം എന്ന് തീരുമാനിച്ചു. ഈ പംക്തിയിൽ പരാമർശിക്കുന്ന  സിനിമകൾ പലതും നിങ്ങൾ ഒരുപാട് തവണ കണ്ടതായിരിക്കും. എങ്കിലും കാണാത്തവർക്ക് ഒരു അറിയിപ്പും കണ്ടവർക്ക്  വീണ്ടും ഒരിക്കൽ കൂടി ആ ചിത്രങ്ങൾ കാണാൻ ഉള്ള പ്രേരണയും ഉണ്ടാക്കുക എന്നതാണ്  ലക്‌ഷ്യം. കൂടുതൽ പറഞ്ഞു കാട് കയറി കൂട് കൂട്ടുന്നില്ല. വായനക്കാരന്റെ അന്തരാളങ്ങളിലെക്ക്   നേരിട്ടു കടക്കുക്കയാണ് നോവലിസ്റ്റ് .

മലയാളത്തിലെ ക്ലാസിക്കുകൾ - 1 - യക്ഷി
Yakshi

മലയാറ്റൂർ രാമകൃഷ്ണന്റെ "യക്ഷി" എന്ന പേരിലുള്ള നോവൽ അതേ പേരിൽ പ്രഗൽഭനായ സംവിധായകാൻ കെ.എസ്  സേതുമാധവൻ  ദ്രിശ്യവത്കരിക്കുന്നത്  1968 ൽ  ആണ്. സത്യൻ , ശാരദ, അടൂർ  ഭാസി, സുകുമാരി, ഗോവിന്ദൻകുട്ടി, ഉഷാ കുമാരി, ബഹദൂർ  തുടങ്ങിയവർ  അഭിനയിച്ച ഈ ചിത്രത്തിൽ എടുത്തു പറയേണ്ട അഭിനയ മികവാണ്  സത്യനും  ശാരദയും കാഴ്ച വച്ചിരിക്കുന്നത്. സത്യനും ശാരദയും പരസ്പരം മത്സരിച്ച്  അഭിനയിച്ചപ്പോൾ ആരുടെ പക്ഷമാണ് ശരി ആര് പറയുന്നതാണ് സത്യം എന്ന് പ്രേക്ഷകനും ഒരു നിമിഷം ആശയക്കുഴപ്പത്തിൽ ആകുന്നുണ്ട്. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാളി പോകാവുന്ന കഥയെ തികച്ചും വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് സത്യന്റെയും ശാരദയുടെയും കഴിവും സംവിധായകാൻ കെ.എസ്  സേതുമാധവന്റെ മിടുക്കും.


മലയാറ്റൂർ രാമകൃഷ്ണന്റെ "യക്ഷി" എന്ന പേരിലുള്ള നോവൽ അതേ പേരിൽ പ്രഗൽഭനായ സംവിധായകാൻ കെ.എസ്  സേതുമാധവൻ  ദ്രിശ്യവത്കരിക്കുന്നത്  1968 ൽ  ആണ്. സത്യൻ , ശാരദ, അടൂർ  ഭാസി, സുകുമാരി, ഗോവിന്ദൻകുട്ടി, ഉഷാ കുമാരി, ബഹദൂർ  തുടങ്ങിയവർ  അഭിനയിച്ച ഈ ചിത്രത്തിൽ എടുത്തു പറയേണ്ട അഭിനയ മികവാണ്  സത്യനും  ശാരദയും കാഴ്ച വച്ചിരിക്കുന്നത്. സത്യനും ശാരദയും പരസ്പരം മത്സരിച്ച്  അഭിനയിച്ചപ്പോൾ ആരുടെ പക്ഷമാണ് ശരി ആര് പറയുന്നതാണ് സത്യം എന്ന് പ്രേക്ഷകനും ഒരു നിമിഷം ആശയക്കുഴപ്പത്തിൽ ആകുന്നുണ്ട്. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാളി പോകാവുന്ന കഥയെ തികച്ചും വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് സത്യന്റെയും ശാരദയുടെയും കഴിവും സംവിധായകാൻ കെ.എസ്  സേതുമാധവന്റെ മിടുക്കും.
കോളേജിലെ കെമിസ്ട്രി ലക്ചറർ  ആണ്  ശ്രീനി എന്ന  ശ്രീനിവാസൻ (സത്യൻ). അദ്ദേഹം ഒരു സയന്റിസ്റ്റ് കൂടിയാണ്. യക്ഷികളെയും പ്രേതാത്മാക്കളെയും കുറിച്ച് ഗവേഷണം നടത്തുന്ന ശ്രീനി വിവാഹം കഴിക്കാൻ ഉറപ്പിച്ചിരിക്കുന്നത് അതേ കോളേജിലെ വേറൊരു ലക്ചറർ   ആയ വിജയലക്ഷ്മിയെ (ഉഷാ കുമാരി) ആണ്. ഇവരുടെ സുഹൃത്തായ ചന്ദ്രന്റെ (ഗോവിന്ദന്കുട്ടി) വീട്ടിലാണ് ശ്രീനിയുടെ താമസം. ചന്ദ്രൻ ഉടനെ വിവാഹിതനാകുന്നതിനാൽ ശ്രീനിയും വേലക്കാരൻ പരമുവും (ബഹദൂർ) മറ്റൊരു വീട്ടിലേക്ക് താമസം മാറുന്നു. പണ്ട് കാമുകനാൽ വഞ്ചിക്കപ്പെട്ട ഒരു പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്ത വീട്ടിലേക്കാണ് യക്ഷികളിൽ താത്പര്യം ഉള്ള ശ്രീനി താമസത്തിനെത്തുന്നത്. ഇവരുടെ അയല്ക്കാരായ അനന്തനും (അടൂർ  ഭാസി) ഭാര്യ കല്യാണിയും (സുകുമാരി) ഇപ്പോഴും ആ വീട്ടിൽ  പ്രേത ശല്യമുണ്ടെന്നും  രാത്രി കാലങ്ങളിൽ ഒരു സ്ത്രീയെ അവിടെ കണ്ടിട്ടുണ്ട് എന്ന് പറയുമ്പോഴും അവിടെ തന്നെ താമസിക്കാനാണ് ശ്രീനി തീരുമാനിക്കുന്നത്. അവിടെ താമസം തുടങ്ങിയതിനു ശേഷം ഒരു നാൾ ലാബിൽ വെച്ച് ഉണ്ടായ അപകടത്തിൽ ആസിഡ് വീണ്  ശ്രീനിയുടെ മുഖത്ത്തിന്റെ  ഒരു വശം പൂർണ്ണമായി  പൊള്ളി പോകുകയും അയാളുടെ മുഖം വികൃതമാകുകയും ചെയ്യുന്നു. അതോടെ ശ്രീനിയെ സ്നേഹിച്ച വിജയ ലക്ഷ്മി അയാളെ ഉപേക്ഷിച്ചു പോകുന്നു. ഒരു കാലത്ത്  അനേകം സ്ത്രീകൾ ശ്രീനിയുടെ സൌന്ദര്യത്തിൽ മതി മയങ്ങിയപ്പോൾ മുഖം വിക്രതമായതിനു  ശേഷം സ്ത്രീകൾ  അറപ്പോടെയും  ഭയത്തോടെയും തന്നെ കാണുന്നത് അയാള്ക്ക് സഹിക്കാനാകുന്നില്ല. പണത്തിനു വേണ്ടി ശരീരം വില്ക്കുന്ന അഭിസാരിക പോലും അയാളുടെ മുഖം കണ്ടു ഇറങ്ങി ഓടുമ്പോൾ ശ്രീനി ആകെ തകരുന്നു.
അന്ന് രാത്രി തന്റെ വീട്ടിലെ ചുവരിൽ സ്താപിച്ചിരിക്കുന്ന  ഒരു യക്ഷി അമ്പലത്തിന്റെ ചിത്രത്തിൽ നോക്കി നില്കുംമ്പോൾ  അതവിടെ നിന്നുമെടുത്ത് മാറ്റണമെന്ന് പരമു പറയുന്നു. യക്ഷി അമ്പലത്തിന്റെ ചിത്രത്തിൽ ഒരു യക്ഷിയെ ആവാഹിച്ച്  ഇരുത്തിയിട്ടുണ്ട്‌ എന്നും, ആ ചിത്രത്തിൽ നോക്കി "ഇന്ന് വര്വോ ?" എന്ന് ചോദിച്ചാൽ  ആ രാത്രി യക്ഷി അത് ചോദിച്ച ആളെ തേടി എത്തും എന്നാണു ഐതിഹ്യം എന്നും പരമു പറയുന്നു. ഒരു സ്ത്രീയും തിരിഞ്ഞു നോക്കാത്ത തനിക്ക് ഒരു യക്ഷി എങ്കിലും കാമുകി ആയി ഇരിക്കട്ടെ എന്ന് പറഞ്ഞു ശ്രീനി ആ ചിത്രത്തിൽ നോക്കി "ഇന്ന് വര്വോ?" എന്ന് ചോദിക്കുന്നു. അന്ന് രാത്രി പുറത്ത് കാറ്റും മഴയും പെയ്യുമ്പോൾ വാതിലിൽ ഒരു മുട്ട് കേട്ട് തുറന്നു നോക്കിയ ശ്രീനി കാണുന്നത്  വെളുത്ത സാരിയിൽ നനഞ്ഞൊലിചു  ചിരിച്ചു കൊണ്ട്  നില്ക്കുന്ന രാഗിണിയെ (ശാരദ) ആണ്. ഒരു നിമിഷം ഭയന്ന് പോകുന്ന ശ്രീനി സംയമനം വീണ്ടെടുത്തു രാഗിണിയെ അകത്തേക്ക് ക്ഷണിക്കുന്നു. ശ്രീനി അവൾക്കു മാറാൻ വസ്ത്രം കൊടുക്കുകയും അവർ തമ്മിൽ പെട്ടെന്ന് തന്നെ അടുക്കുകയും ചെയ്യുന്നു. വികൃതമായ തന്റെ മുഖം കണ്ടിട്ട് ഭയം തോന്നുന്നില്ലേ എന്ന് ശ്രീനി ചോദിക്കുമ്പോൾ ഒരു സയന്റിസ്ടിന്റെ ആസിഡ് വീണു പൊള്ളിയ മുഖത്തിൽ മറ്റൊരു പുരുഷനിലും കാണാത്ത സൌന്ദര്യമാണ് താൻ കാണുന്നത് എന്ന് രാഗിണി പറയുന്നു. അത് കേട്ടു അവളെ ആലിംഗനം ചെയ്യുന്ന ശ്രീനിക്ക് തന്റെ പഴയ സുന്ദരമായ മുഖം തിരിച്ചു കിട്ടിയ പ്രതീതി ആണുള്ളത്. അവൾ ആരാണ് എന്നാ ചോദ്യത്തിനു താൻ ഒരു യക്ഷി ആണെന്നും തന്നെ കുറിച്ചു കൂടുതൽ ഒന്നും ചോദിക്കരുത് എന്നും പറയുന്ന രാഗിണി നേരം പുലരുന്നത് വരെ അവിടെ തങ്ങുന്നു. പിറ്റേന്ന് കാലത്ത് ശ്രീനിയെ തിരക്കി എത്തുന്ന അനന്തൻ  വെളുപ്പിനെ ഒരു സ്ത്രീ ഈ വീട്ടില് നിന്ന് പോകുന്നതു താൻ കണ്ടു എന്ന് പറയുന്നു. ശ്രീനി പുറത്തേക്ക് നോക്കുമ്പോൾ വെളിയിൽ  പാല പൂത്തു നില്ക്കുന്നതും അടുക്കളയിൽ വേലക്കാരൻ പരമു മരിച്ചു കിടക്കുന്നതും കാണുന്നു.

Yakshi 2

തുടർന്ന് രാഗിണിയും ശ്രീനിയും വിവാഹിതരാകുന്നു. മധുവിധുവിനായ് അവർ കന്യാകുമാരിയിലേക്ക് പോകുന്നു. അവിടെ വെച്ചു രാഗിണിയെ ആലിംഗനം ചെയ്യുമ്പോൾ ശ്രീനി കുഴഞ്ഞു വീഴുന്നു. പിന്നീട് റൂമിലെത്തിയ അയാൾ തന്റെ ചുണ്ട് മുറിഞ്ഞു ചോര വരുന്നത് ശ്രദ്ധിക്കുന്നു. വീണപ്പോൾ മുറിഞ്ഞതായിരിക്കും എന്ന് പറഞ്ഞ രാഗിണിയുടെ ചുണ്ടിലും ചോരപ്പാടുകൾ കാണുന്നതോടെ ശ്രീനി സംശയാലുവാകുന്നു. തന്റെ കൂടെ ഉള്ളത് ഒരു യഥാർത്ഥ മനുഷ്യ സ്ത്രീ അല്ലെന്നും ഒരു യക്ഷി ആണെന്നും അയാള് സംശയിക്കുന്നു. അയൽക്കാരൻ അനന്തന്റെ വീട്ടിലെ പട്ടി രാഗിണിയെ കാണുമ്പോൾ ഭയപ്പെട്ടു കുരയ്ക്കുന്നതും രാഗിണി തലോടിയപ്പോൾ ആ പട്ടി ചത്തു പോകുന്നതും അയാളുടെ സംശയം വര്ദ്ധിപ്പിക്കുന്നു. അനന്തന്റെ ഭാര്യ കല്യാണി ഗര്ഭിണി ആകുകയും രാഗിണി അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. എന്നാൽ രാഗിണി ഒരു യക്ഷി ആണെന്നും തനിക്ക് വിവാഹ മോചനം വേണമെന്നും ശ്രീനി സുഹൃത്ത് ചന്ദ്രനോട് പറയുന്നു. യക്ഷികൾക്ക് ഭ്രൂണം ഇഷ്ടമാണെന്നും യക്ഷിയായ രാഗിണി ശുശ്രൂഷിക്കുന്ന കല്യാണിയുടെ ഗർഭം അലസും എന്നും ശ്രീനി ചന്ദ്രനോട് പറയുന്നു. മടങ്ങി വീട്ടിലെത്തുന്ന ശ്രീനിയോട്‌ കല്യാണിയുടെ ഗർഭം അലസി പോയതായി അനന്തൻ പറയുമ്പോൾ രാഗിണി യക്ഷി ആണെന്നും അവള കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്നും ശ്രീനി ഉറപ്പിക്കുന്നു. യക്ഷിയും മനുഷ്യനും തമ്മിൽ ശാരിരിക ബന്ധം നിഷിദ്ധമാണെന്നും അതിനാലാണ് രാഗിണിയുടെ മുന്നിൽ തന്റെ പുരുഷത്വം തളരുന്നതെന്നും അനുമാനിക്കുന്ന ശ്രീനിയോട്‌ നിങ്ങൾ ഒരു പുരുഷനല്ല എന്ന് ദേഷ്യത്തിൽ രാഗിണി പറയുമ്പോൾ ശ്രീനി അവളെ മർദ്ദിക്കുന്നു.
Yakshi 3
പിന്നീട് ചന്ദ്രനോടും അനന്തനോടും താൻ ശ്രീനി പഠിപ്പിച്ചിരുന്ന കോളേജിൽ പഠിച്ചിരുന്നു എന്നും അമ്മയുടെ മരണത്തോടെ പഠനം നിർത്തിയ തന്നെ ഒരു പട്ടാളക്കാരൻ വിവാഹം കഴിച്ചു എന്നും അയാളുടെ പീഡനം സഹിക്കാനാവാതെ വീട് വിട്ടറങ്ങിയതാണെന്നും രാഗിണി പറയുന്നു. അവർ അത് ശ്രീനിയെ അറിയിക്കുന്നു. പശ്ചാത്താപത്താൽ ശ്രീനി രാഗിണിയെ അവളുടെ വീട്ടില് നിന്നും കൂട്ടി കൊണ്ട് വരുന്നു. അന്ന് രാത്രി അവർ തമ്മിൽ ശാരീരിക ബന്ധത്തിനു ശ്രമിക്കുമ്പോൾ ശ്രീനി അതിൽ പരാജയപ്പെടുന്നു. എന്നാൽ തന്റെ ശാരീരിക ദൌർബല്യം അംഗീകരിക്കാൻ തയ്യാറാകാത്ത മനസ്സ് അതിനു കാരണം രാഗിണി യക്ഷി ആയതു കൊണ്ടാണെന്ന മിഥ്യാ ധാരണ വീണ്ടും ശ്രീനിയിൽ അടിച്ച്ചെല്പ്പിക്കുന്നു. അതോടെ മനസ്സിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുന്ന ശ്രീനി വീട്ടു മുറ്റത്തെ പാല മരത്തെ ഗന്ധർവൻ ആയും രാഗിണിയെ യക്ഷിയായും സങ്കൽപ്പിക്കുന്നു. തന്നെ വഞ്ചിച്ച രാഗിണിയെ ശ്രീനി കഴുത്ത് ഞെരിച്ചു കൊല്ലുന്നു. ഒരു ദുർബല നിമിഷത്തിൽ താൻ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു പോലീസിനു ശ്രീനി കീഴടങ്ങുന്നതോടെ ചിത്രം അവസാനിക്കുന്നു.
വളരെയധികം കാലിക പ്രസക്തി ഉള്ള വിഷയമാണ് യക്ഷിയുടേത് . മനുഷ്യ മനസ്സുകൾ ഏതൊക്കെ രീതിയിൽ സഞ്ചരിക്കും എന്നും അതിന്റെ ഫലമായി ഒരു നിമിഷത്തെ താളം തെറ്റലിൽ എന്തൊക്കെ ദുരന്തം ഉണ്ടാകും എന്നു ഭംഗിയായി കാണിച്ചു തന്ന ചിത്രമാണ് യക്ഷി. തികച്ചും മനുഷ്യ സ്ത്രീ ആയ രാഗിണി ആദ്യമായി ശ്രീനിയെ കണ്ട രാത്രിയിൽ ഒരു തമാശയ്ക് എന്ന വണ്ണം "ഞാൻ ഒരു യക്ഷിയാണ്" എന്ന് പറഞ്ഞത് ശ്രീനിയുടെ ഉപബോധ മനസ്സ് ഏറ്റെടുക്കുകയും പിന്നീട് ഉണ്ടാകുന്ന സ്വാഭാവിക സംഭവങ്ങളെ ഈ ഉപബോധ മനസ്സ് അത് യക്ഷിയായ രാഗിണി മൂലമാണ് എന്ന് ശ്രീനിയെ വിശ്വസിപ്പിക്കാൻ ഉള്ള തെളിവുകളായി നിരത്തുമ്പോൾ ഒരു കെമിസ്ട്രി ലക്ച്ചററും സയന്റിസ്റ്റ് കൂടി ആയിരുന്നിട്ടും ശ്രീനിക്ക് തന്റെ വിവേചനാ ശക്തിയിൽ വിശ്വസിക്കാൻ സാധിക്കുന്നില്ല. അത് പോലെ തന്നെ സുന്ദരിയായ സ്ത്രീയുടെ മുന്നില് പരാജയപ്പെടുമ്പോൾ തന്റെ ശാരീരിക ദൌർബല്യത്തെ അംഗീകരിക്കാൻ ആകാത്ത ഒരു സാധാരണക്കാരന്റെ മനസ്സ് അതിനു പഴി ചാരുന്നത്‌ രാഗിണി യക്ഷി ആയതു കൊണ്ടാണ് എന്നാ മുടന്തൻ ന്യായം ഉയര്ത്തിയാണ്. അതിനു തെളിവായി മറ്റു സംഭവ പരമ്പരകളും. താൻ പഠിച്ച സയന്സിനെയും രിസര്ചിലൂടെ നേടിയ അറിവിനെയും കൂട്ട് പിടിച്ചു തന്റെ വൈകല്യത്തിന് ഒരു മറ സൃഷ്ടിക്കുന്ന ഒരു സമർത്ഥനായ സൈക്കൊപ്പാത്തിനെയാണ് ഈ ചിത്രത്തിൽ നാം കാണുന്നത്.
കെ എസ് സേതുമാധവൻ എന്ന പ്രതിഭാധനന്റെ മിടുക്കും മലയാറ്റൂർ, തോപ്പിൽ ഭാസി എന്നിവരുടെ സമർത്ഥമായ ആഖ്യാന ശൈലിയും സത്യൻ, ശാരദ എന്നിവരുടെ അഭിനയ മികവും കൂടി ചേരുമ്പോഴാണ് യക്ഷി മലയാളത്തിന്റെ ക്ലാസിക് ആയി മാറുന്നത്. ഇതേ ചിത്രത്തിന്റെ വികലമായ റീമേക്ക് "അകം" എന്ന പേരിൽ ശാലിനി ഉഷാ നായർ സംവിധാനം ചെയ്തിരുന്നു. ഫഹദ് ഫാസിൽ, അനുമോൾ എന്നിവർ അഭിനയിച്ച അത്യന്തം വിരസവും അരോചകവും ആയ ആ ചിത്രം കാണുമ്പോൾ അറിയാം മണ്‍ മറഞ്ഞു പോയ മഹാന്മാരായ കലാകാരന്മാരുടെ മഹത്വം. യക്ഷിയിലെ യേശുദാസും പി .ലീലയും ചേർന്നു ആലപിച്ച "സ്വർണ്ണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ" എന്ന ഗാനവും " ചന്ദ്രോദയത്തിലെ "എന്ന ഗാനവും ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നില്ക്കുന്നതാണ്.. മലയാള സിനിമയെ സ്നേഹിക്കുന്നവർ ഈ ചിത്രം പല വട്ടം കണ്ടിട്ടുണ്ടാകും. നിങ്ങൾ ഈ ചിത്രം ഇത് വരെ കണ്ടിട്ടില്ലെങ്കിൽ , തീര്ച്ചയായും കണ്ടിരിക്കണം. ഈ സിനിമയുടെ യൂട്യൂബ് ലിങ്ക് താഴെ കൊടുക്കുന്നു.
https://www.youtube.com/watch?v=ROuctwVlNXM
- ജി. ശരത് മേനോൻ
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

3 comments:

  1. ലിങ്കുകള്‍ തുറന്നുതുറന്നുപോയി എഴുത്തു വായിക്കുന്നത് ഒരു അറുബോറന്‍ പരിപാടിയാണ്. നെറ്റ് അല്പം സ്ലോ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാലും വായിച്ചു. ഈ അഭിപ്രായം അവിടെ എഴുതാന്‍ നോക്കുമ്പോ അടിയാധാരം മുതലുള്ള രേഖകള്‍ സമര്‍പ്പിക്കണമത്രെ. ക്ഷമിക്കുക

    ReplyDelete
  2. വായിച്ചതിനു നന്ദി. www.thepsykikwriter.com എന്നത് എന്റെ വെബ്സൈറ്റാണ് . എന്റെ എല്ലാ പോസ്റ്റുകളും അവിടെയാണ് ഇടുന്നത്. പണ്ട് ബ്ലോഗ്സ്പോട്ട് ഉപയോഗിച്ചിരുന്നത് കൊണ്ട് ആ ലിങ്ക് ഇവിടെ ഇട്ടതാണ്.

    ReplyDelete
  3. അന്ന് ഈ ‘യക്ഷി’ ഞങ്ങളെയൊക്കെ ആവേശം കൊള്ളിച്ചിട്ടുണ്ട്
    ആ ആത്മാർത്ഥമായ മടി കളഞ്ഞ് ഇതു പോലെ എന്തെങ്കിലുമൊക്കെ കുറിച്ചിടണം കേട്ടൊ ഭായ്

    ReplyDelete